ഭൂമിയെ ഓർമ്മിക്കാൻ, ഭൂമിയെ രക്ഷിക്കാൻ ഭൗമദിനം

എം. എ. സുധീർ ബാബു

ഭൂമി നമ്മുടെ പെറ്റമ്മയും ഭൗമോ പരിതലത്തിലെ മണ്ണ് നമ്മുടെ പോറ്റമ്മയുമാണ്. ഏപ്രിൽ 22 ന് നാം ലോക ഭൗമ ദിനം കൊണ്ടാടുകയാണ്. നമ്മുടെ ഭൂമി ഇപ്പോൾ വലിയൊരു ഭീഷണിയുടെ നിഴലിലാണ്. കാലാവസ്ഥ വ്യതിയാനം നിമിത്തം ജീവജാലങ്ങൾ താപാഘാതം കൊണ്ട് വലയുകയാണ്.

കാർഷിക മേഖലയിൽ വരൾച്ച മൂലം വലിയ തോതിൽ വിള നാശവും വിളവ് കുറയലും രൂക്ഷമായ കുടി വെള്ള ക്ഷാമവുമാണ്. കൃഷി വിളകൾക്കുള്ള ജലസേചന കുറവും വന്നിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. ജല മലിനീകരണം വായു, പരിസ്ഥിതി മലിനീകരണം എന്നിവ നമ്മുടെ ഭൂമിയെ ക്ഷീണിപ്പിക്കുന്നുണ്ട്.

വലിയ നദികൾ, പുഴകൾ, തോടുകൾ, കുളങ്ങൾ, മറ്റു നീർത്തടങ്ങൾ എന്നിവയെ നാം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. മാലിന്യം നിറഞ്ഞ നദികളെയും പുഴകളെയും തോടുകളെയും മാലിന്യം നീക്കി ശുദ്ധീകരിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ എന്നിവ  ജലാ ശയങ്ങളിൽ ഒഴുകി വരുന്നത് കർശന മായി നിയന്ത്രിക്കണം. അശാസ്ത്രീയമായ പാറ ഖനനം, മണ്ണ് ഖനനം, നിലം നികത്തൽ, വന നശികരണം, രൂക്ഷ മായ മണ്ണൊലിപ്പ് എന്നിവ തടയാൻ കർശന നടപടി ആവശ്യമാണ്.

ഭൂമിയുടെ രക്ഷ വഴി മാത്രമേ മണ്ണിന്റെ രക്ഷ, ജലരക്ഷ, പരിസ്ഥിതി രക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, എന്നിവയെല്ലാം നമ്മുക്ക് നേടാനാവുകയുള്ളു. ഭൗമ ആരോഗ്യത്തെ ബാധിക്കുന്ന അധിനിവേശ സസ്യങ്ങളെയും വിദേശ കളകളെയും നിയന്ത്രിക്കാൻ ഊർജിത നടപടി ആവശ്യമാണ്. പാർത്തീനിയം, ധൃതരാഷ്ട്ര പച്ച എന്ന മൈകേണിയ, മഞ്ഞകൊന്ന, കമ്മൽപൂവ്, കൊങ്ങിണി, മൂടില്ലതാളി, എന്നിവയെയും ജലാശയങ്ങളിൽ കാണുന്ന ആഫ്രിക്കൻ പായൽ, കുളവാഴ എന്നീ കളകളെയും നിയന്ത്രിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്.

ആഗോള തലത്തിൽ തന്നെ ഹരിത വൈദ്യുതി പദ്ധതികൾ വഴി ലോകത്തെ രക്ഷിക്കാൻ ബോധവൽക്കരണം നടന്നുവരികയാണ്. ഫോസിൽ ഇന്ധന ഉപയോഗം കുറച്ച് സൗരോർജ, ജല, കാറ്റു വൈദ്യുതിയുടെ ഉപയോഗം കൂട്ടി ആഗോള താപനം കുറക്കാനുള്ള
നീക്കങ്ങൾ ലോക മൊട്ടുക്കും നടന്നു വരുന്നു. (കോഴിക്കോട് ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസറാണ് ലേഖകൻ.)