ചെമ്പൈ സംഗീതോത്സവം: തംബുരു വിളംബര ഘോഷയാത്ര 

ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിന്  മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ഞായറാഴ്ച തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം ചെമ്പൈ സ്വാമികളുടെ പാലക്കാട് കോട്ടായിലെ ഭവനത്തിൽ നടന്നു.

ചെമ്പൈ സ്വാമികൾ ഉപയോഗിച്ചിരുന്ന തംബുരു ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി. ചെമ്പൈയുടെ കുടുംബാംഗം ചെമ്പൈ സുരേഷിൽ നിന്നാണ് തംബുരു ഏറ്റുവാങ്ങിയത്. ചടങ്ങിൽ ദേവസ്വം ഭരണസമിതി  അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ തുടങ്ങിയവർ  സന്നിഹിതരായി.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ചെമ്പൈയുടെ ശിഷ്യനും സംഗീതജ്ഞനുമായ മണ്ണൂർ രാജകുമാരനുണ്ണി സംഗീത കച്ചേരി നടത്തി. ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് തംബുരു വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂരിലേക്ക് തിരിക്കും.

പാലക്കാട് കോട്ടായി ജംഗ്ഷനിലാണ് സംഗീത ആസ്വാദകരുടെ ആദ്യ സ്വീകരണം. തുടർന്ന് ചെമ്പൈ സംഗീത കോളേജിൽ എത്തുന്ന വിളംബര ഘോഷയാത്രയെ പ്രിൻസിപ്പൽ പ്രൊഫ.മനോജിൻ്റെ നേതൃത്വത്തിൽ അധ്യാപകരും സംഗീത വിദ്യാർത്ഥികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് സംഗീതകച്ചേരി അരങ്ങേറും.

ഉച്ചയ്ക്ക് 12 മണിയോടെ തംബുരു വിളംബര ഘോഷയാത്ര ചെമ്പൈ സ്വാമികൾ അവസാന കച്ചേരി നടത്തിയ ഒളപ്പമണ്ണ മന വക പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങും.ഒളപ്പമണ്ണ മനയുടെ ഇപ്പോഴത്തെ അവകാശി രാജൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലാണ് ഇവിടുത്തെ സ്വീകരണം. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം  ഘോഷയാത്ര ഗുരുവായൂരിലേക്ക് യാത്ര തിരിക്കും.

വൈകുന്നേരം അറ് മണിയോടെ കിഴക്കേനടയിൽ എത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ  നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ എതിരേറ്റ് തംബുരു വിളംബര ഘോഷയാത്രയെ ആനയിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിക്കും. തംമ്പുരു സംഗീത മണ്ഡപത്തിൽ സ്ഥാപിക്കുന്നതോടെ സംഗീതോത്സവം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിനഞ്ച് ദിനരാത്രങ്ങൾ ഗുരുവായൂരിൽ  സംഗീതാർച്ചനയുടെ നാളുകൾ.