വി.ഡി സതീശൻ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ18ന്
എല്ലാ മന്ത്രിമാരും 18ന് സത്യപ്രതിജ്ഞ ചെയ്യും
കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കോൺഗ്രസ്സ് നേതാവ് വി.ഡി. സതീശനെ പ്രഖ്യാപിച്ചു. ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.
തിരഞ്ഞെടുപ്പ് ഫലം വന്ന് 11ദിവസത്തെ അനിശ്ചിതത്ത്വത്തി നൊടുവിലാണ് പ്രഖ്യാപനം വന്നത്. കേരളത്തിൻ്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. 18 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കും. എല്ലാ മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തിരുവനന്തപുരം കോൺഗ്രസ്സ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ വി.ഡി. സതീശൻ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നെ ഒരു വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഞാൻ അതിന് അഖിലേന്ത്യാ കോൺഗ്രസ്സ് പ്രസിഡണ്ടിനോടും രാഹുൽ ഗാന്ധിയോടും ഉൾപ്പെടെ എല്ലാവരോടും നന്ദി പറയുകയാണ് – സതീശൻ പറഞ്ഞു. എന്നെ ഇതിന് പ്രാപ്തമാക്കിയത് ഈ തിരഞ്ഞെടുപ്പിൽ കഠിനാദ്ധ്വാനം ചെയ്ത ലക്ഷകണക്കിന് യു.ഡി.എഫ് പ്രവർത്തകരും ടീം യു.ഡി.എഫായി നിന്ന ഞങ്ങളുടെ നേതാക്കളുമാണ്. ഞാൻ ഇവിടെ എത്തിയതിന് എനിക്ക് അവരോട് ഒരുപാട് കടപ്പാടുണ്ട്.
കേരളത്തിലെ ജനങ്ങൾ ഞങ്ങളെ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത്. പത്ത് വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് കേരളത്തിലെ ജനങ്ങൾ 102 സീറ്റോടു കൂടി യു.ഡി എഫിനെ അധികാരത്തിലേറ്റിയിരിക്കുകയാണ്. ഞങ്ങൾ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കും.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ, കേരളത്തെ മാറ്റിയെടുക്കാൻ, പുതിയ കേരളത്തെ സൃഷ്ടിക്കാൻ, ഒരു പുതുയുഗത്തിന് തുടക്കമിടാൻ ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാദ്ധ്വാനം ചെയ്യും. പുതിയ കേരളത്തെ സൃഷ്ടിക്കാൻ എല്ലാവരും ചേർന്നുള്ള പ്രവർത്തനത്തിന് മാത്രമെ കഴിയു. ഇതിനായി നല്ല ഒരു ടീമിൻ്റെ പ്രവർത്തനം വേണം. ഒരാൾക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ആ ടീം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കും – കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി – വി.ഡി. സതീശൻ പറഞ്ഞു.




















