നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം യു.ഡി.എഫ് തൂത്തുവാരി 

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരി യു.ഡി.എഫ്. 140 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫ് 102 സീറ്റ് നേടി വിജയക്കൊടി പാറിച്ചു. തുടർ ഭരണം പ്രതീക്ഷിച്ച എൽ.ഡി.എഫിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.35 സീറ്റ് മാത്രമെ കിട്ടിയുള്ളു. എൻ.ഡി.എക്ക് മൂന്ന് സീറ്റുകൾ ലഭിച്ചു.

ആദ്യ റൗണ്ടുകളിലെ വോട്ടെണ്ണലിൽ പിന്നോട്ടു പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിലാണ് മുന്നിലെത്തിയത്. 19247 വോട്ടിനാണ് വിജയിച്ചത്. പറവൂരിൽപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഭൂരിപക്ഷം 20600 ആണ്. നേമത്ത് മത്സരിച്ച ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ 4978 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മത്സരിച്ച 16 മന്ത്രിമാരിൽ 12 പേരും തോറ്റു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ്. 85327 വോട്ടിൻ്റെ ഭൂരിപക്ഷം. മുസ്‌ലിം ലീഗ് 27 സീറ്റുകളിൽ മത്സരിച്ച് 22 സീറ്റുകളിൽ വിജയം കൊയ്തു. അഞ്ച് ജില്ലകൾ യു.ഡി. എഫ്. തൂത്തുവാരി. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ എല്ലാ സീറ്റും നേടി.

വിമത നീക്കം നടത്തിയ സി.പി.എം. നേതാക്കളായ ജി. സുധാകരൻ അമ്പലപ്പുഴയിലും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തളിപറമ്പിൽ ടി.കെ. ഗോവിന്ദനും വിജയിച്ചു. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ മത്സരിച്ച കേരള കോൺഗ്രസ്സ്(എം)സ്ഥാനാർത്ഥികള്‍ക്കെല്ലാം തിരിച്ചടിയായി. ആരും വിജയം കണ്ടില്ല.