മന്ത്രിമാരെ പ്രഖ്യാപിച്ച്, മാധ്യമപ്രവർത്തകർക്കൊപ്പം സെൽഫിയെടുത്ത് നിയുക്ത മുഖ്യമന്ത്രി
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന യു.ഡി.എഫ് മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം കണ്ടോൺമെൻ്റ് ഹൗസിൽ നടന്ന പത്ര സമ്മേളനത്തിലാണ് 20 മന്ത്രിമാരുടെ പേരുകൾ അദ്ദേഹം പ്രഖ്യാപിച്ചത്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഏറെ നേരം മറുപടി പറഞ്ഞ് അവർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങെന്ന് അദ്ദേഹം പറഞ്ഞു.
ആറ് പതിറ്റാണ്ടിനു ശേഷമാണ് യു.ഡി.എഫ് സമ്പൂർണ്ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച 20 മന്ത്രിമാരുടെ ലിസ്റ്റ് ഗവർണ്ണർക്ക് സമർപ്പിച്ചു. തിങ്കളാഴ്ച ഞാനടക്കം 21 പേർ സത്യപ്രതിജ്ഞ ചെയ്യും. മുസ്ലിംലീഗ് മന്ത്രിമാരുടെ ലിസ്റ്റ് അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസ്സ് ചരിത്രത്തിൽ ഏറ്റവും വേഗത്തിലെടുത്ത തീരുമാനമാണ് മന്ത്രിമാരുടെ ലിസ്റ്റ്. 63എം.എൽ.എമാർ കോൺഗ്രസ്സിനുണ്ട്. ഇതിൽ ഉൾക്കൊള്ളിക്കാൻ പറ്റാതായ അർഹരായ ആളുകളുണ്ട്. സാമൂഹിക പ്രാദേശിക പരിഗണനയും മറ്റും നോക്കിയപ്പോൾ പലരേയും പരിഗണിക്കാൻ പറ്റിയില്ല. അതിൽ എനിക്ക് ദു:ഖമുണ്ട്, വലിയ പ്രയാസമുണ്ട് – വി.ഡി. സതീശൻ പറഞ്ഞു.
പല മാനദണ്ഡങ്ങൾ വെച്ച് മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ പ്രധാനപ്പെട്ട നേതാക്കളോടെല്ലാം കൂടിയാലോചിച്ചിരുന്നു. തുടർന്ന് എ.ഐ.സി.സിയുടെ അനുവാദത്തോടെയാണ് ലിസ്റ്റ് ഗവർണ്ണർക്ക് സമർപ്പിച്ചത് -അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ: പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്ബ്, സി.പി.ജോൺ, എ.പി. അനിൽകുമാർ, എൻ.ഷംശുദ്ധീൻ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ്, തിരുവഞ്ചൂർ രാധാകൃഷ്ൺ (സ്പീക്കർ), ഷാനിമോൾ ഉസ്മാൻ (ഡെപ്യൂട്ടി സ്പീക്കർ)




















