അക്കാദമിക് നിലവാരം ഉയർത്തുന്നതിന് മാസ്റ്റർ പ്ലാൻ -മുഖ്യമന്ത്രി
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ സ്കൂളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഉത്സവച്ഛായയിൽ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പുതുവർഷം ഏറ്റവും ശ്രദ്ധിക്കുന്നത് സ്കൂളുകളിലെ അക്കാദമിക് നിലവാരത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായിരിക്കുമെന്നും ഇതിനായി ജൂൺ 15 നു മുമ്പ് എല്ലാ സ്കൂളുകളും അക്കാദമിക് മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂല്യനിർണയ രീതിയിലും വലിയ മാറ്റം ഉണ്ടാകും.സ്കൂൾ സംവിധാനത്തെ ആകെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അറിവിന്റെ തലം വർദ്ധിപ്പിച്ച് അധ്യാപകർ പുതിയ മനോഭാവത്തിലേക്ക് എത്തിച്ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹി ക്കുകയായിരുന്നു അദ്ദേഹം.
2016 ൽ അഞ്ച് ലക്ഷം കുട്ടികൾ പൊതുമേഖല സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയി.ആയിരം സ്കൂളുകൾ അനാദായം എന്നുപറഞ്ഞ് പൂട്ടി. അവിടെ നിന്നാണ് ഒമ്പത് വർഷം കൊണ്ട് 5000 കോടി രൂപ ചെലവഴിച്ച് സ്മാർട്ട് സ്കൂളുകൾ, സ്മാർട്ട് ക്ലാസ് റൂം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിദ്യാഭ്യാസ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതി ചേർത്തത്- മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ മൂന്നു കോടി പാഠപുസ്തകങ്ങൾ അച്ചടിച്ച് സ്കൂളുകളിൽ എത്തിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകം മുഖ്യമന്ത്രി മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ ,എച്ച് സലാം, ദലീമ, എം. എസ് അരുൺകുമാർ, അഡ്വ. യു. പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.




















