ഐ.എ.എസ്.സ്വപ്നത്തിന് പ്രേരണയായത് എന്താണ് ? ‘മീറ്റ് ദി കളക്ടര്‍’ പരിപാടിയിൽ കൗതുക ചോദ്യങ്ങൾ

ഐ.എ.എസ് ഓഫീസർക്ക് വേണ്ട പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ്, ഐ.എ.എസ് എന്ന സ്വപ്നത്തിന് പ്രേരണയായത് എന്താണ് ? – മീറ്റ് ദി കളക്ടർ പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പലതും ചോദിക്കാനുണ്ടായിരുന്നു. ചോദ്യങ്ങൾക്കെല്ലാം കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹില്‍ കുമാര്‍ സിങ് വിശദമായ ഉത്തരവും നൽകി.

ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പ്രതീക്ഷിച്ച രീതിയിലാണോ കളക്ടര്‍ പദവി, നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്താണ് … ഇങ്ങനെ കുട്ടികൾക്ക് പല കാര്യങ്ങളും അറിയണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ‘മീറ്റ് ദി കലക്ടര്‍’ പരിപാടിയില്‍ വിദ്യാര്‍ഥികൾ പല ചോദ്യങ്ങളും ഉന്നയിച്ചു.

യു.എസ്.എസ്. പരീക്ഷയില്‍  താമരശ്ശേരി ഉപജില്ലയില്‍ ആദ്യ 40 റാങ്കില്‍വന്ന എട്ട് മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന ഗിഫ്റ്റഡ് ചില്‍ഡ്രനുമായുള്ള സംവാദത്തിലാണ് സ്വപ്‌ന നേട്ടങ്ങളിലേക്കുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇവക്കെല്ലാം കലക്ടറുടെ ഉത്തരങ്ങളെല്ലാം ലളിതമായിരുന്നു. ഏറെ വൈവിധ്യം നിറഞ്ഞ മേഖലകളില്‍ ഇടപെടുന്നതിനും പഠിക്കുന്നതിനും ഭരണതലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഐ.എ.എസ് പദവിയിലൂടെ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച അനുഭവമായിരുന്നു കലക്ടറുമായുള്ള കൂടിക്കാഴ്ച. പരിപാടിയില്‍ ഹൈദരാബാദ് ഐ.ഐ.ഐ.ടി.യില്‍ പ്രവേശനം ലഭിച്ച ഗിഫ്റ്റഡ് ചൈല്‍ഡ് നീരജിന് കളക്ടര്‍ ഉപഹാരം നല്‍കി.

യു.എസ്.എസ്  ലഭിച്ച ഉപജില്ലയിലെ 40 വിദ്യര്‍ഥികള്‍ക്ക് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്ദര്‍ശനം, പുസ്തക വിതരണം, ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച തുടങ്ങി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു കളക്ടറുമായുള്ള കൂടിക്കാഴ്ച പരിപാടിയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ യു.കെ. അബ്ദുനാസര്‍, കുന്നമംഗലം എ.ഇ.ഒ. കെ. രാജീവ്, താമരശ്ശേരി ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ പി.ടി. സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.