ജീവിതത്തിൽ വഴികാട്ടിയ പ്രിയപ്പെട്ട ഗോപിസാർ
ഡോ.കെ.കെ. രാമചന്ദ്രൻ
അന്തരിച്ച കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയരക്ടറും ജിയോളജി പ്രൊഫസറുമായ പ്രൊഫ.വി. ഗോപിനാഥനെക്കുറിച്ച് ശിഷ്യൻ്റെ അനുസ്മരണം
പുസ്തകത്തിലെ പാഠങ്ങളെക്കാൾ ജ്ഞാനവും മനുഷ്യത്വവും പകർന്നു നൽകിയ അദ്ധ്യാപകന്റെ ദീപ്തമായ ഓർമ്മകൾ എന്നെ വേദനിപ്പിക്കുന്നു. ഗോപി സാർ ഒരു പ്രകാശദീപമായിരുന്നു, വിദ്യാർത്ഥികളുടെ വിജ്ഞാനത്തിൻ്റെ മാത്രമല്ല, ജീവിതത്തിന്റെ കൂടി വഴികാട്ടിയായിരുന്നു. സാറിന്റെ മരണം ഹൃദയവേദനയോടൊപ്പം എഴുതാനാവാഞ്ഞ ശൂന്യതയായി അവശേഷിക്കുന്നു, ശിഷ്യസഞ്ജയങ്ങളുടെ ആത്മാവിൽ പ്രതിഷ്ഠിച്ച അടയാളങ്ങൾ മരണം കൊണ്ട് മായ്ക്കാൻ കഴിയില്ല.
ഗോപി സാർ പഠിപ്പിച്ച ക്രിസ്റ്റലോഗ്രാഫിയും ഘടനാപരമായ ഭൂമിശാസ്ത്രവും കേട്ട് വിസ്മയിച്ച, ആശങ്കയും അനിശ്ചിതത്വവും മനസ്സിൽ പേറി നടന്ന ഒരു വിദ്യാർത്ഥിയിൽ നിന്ന് ഇന്നത്തെ എന്നെ പരുവപ്പെടുത്തുന്നതിന് അടിസ്ഥാനമിട്ട ഗുരുനാഥനോട് വ്യക്തിപരമായി കടപ്പെട്ടിരിക്കുന്നു. അങ്ങയുടെ അതിരറ്റ ക്ഷമയും അവിശ്വസനീയമായ പ്രതിബദ്ധതയുമായിരിക്കാം വിഷയത്തിന്റെ ഉത്കണ്ഠയിൽ നിന്ന് കണ്ടെത്തലുകളുടെ മന:സ്സാനിധ്യത്തിലേക്ക് ഞങ്ങളെ രൂപപ്പെടുത്തിയത്.
ഏറ്റവും സങ്കീർണ്ണമായ ആശയങ്ങളെ ലളിതവും മനസ്സിലാക്കാവുന്നതുമാക്കി മാറ്റുന്നതിനുള്ള അങ്ങയുടെ ബോധന രീതിയായിരിക്കാം ഞങ്ങളുടെ പഠനം സന്തോഷകരവും ഊർജ്ജസ്വലവുമായ സാഹസികതയാക്കി മാറ്റിയത്.
ഗോപി സർ മികച്ച അധ്യാപകൻ മാത്രമല്ല പ്രചോദിപ്പിക്കുന്ന ഉപദേശകനുമായിരുന്നു.
സാറിന്റെ ക്ലാസ് ഊഷ്മളതയുടെയും ലക്ഷ്യബോധത്തിന്റെയും ശാക്തീകരണമായിരുന്നു. ദയയും, സഹാനുഭൂതിയും, കഠിനാധ്വാനവും ഇഴുകി ചേർന്ന സാറിന്റെ ബോധന രീതികൾ ഞങ്ങളെ ഉറപ്പായും സ്വാധീനിച്ചിട്ടുണ്ട്. 1976ൽ ജിയോളജിയിൽ ജൂനിയർ ലക്ചറർ എന്ന എൻട്രി സ്ഥാനത്ത് നിന്ന് 2010ൽ വിരമിച്ചപ്പോൾ, കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്ന മഹനീയ സ്ഥാനത്തേക്ക് ഉയർന്നു.
അതിലുപരി അങ്ങയുടെ കുടുംബത്തോടുള്ള ഞങ്ങളുടെ അടുപ്പത്തിന് നിദാനം സാറിന്റെ നേർ പാതിയായ പ്രൊഫസർ ശ്രീമതിക്കുട്ടി ജിയോളജി കുടുംബാംഗം എന്നതു തന്നെയാണ്. സാറിന്റെ എല്ലാ അക്കാദമിക – സാമൂഹ്യ സമർപ്പണങ്ങളിലും ശ്രീമതി ടീച്ചറുടെ ഒരുമയുള്ള കൂട്ടായിരിക്കും. തന്റെ വിദ്യാർത്ഥികളെ നല്ല കരിയർ പാതയിൽ വളർത്തിയെടുക്കാൻ അവർ നടത്തിയ പരിശ്രമങ്ങൾ അനുസ്മരിക്കാതെ വയ്യ. സാറും ടീച്ചറും ഒത്തുചേർന്നു സ്പർശിച്ച എണ്ണമറ്റ ശിഷ്യരുടെ ജീവിതങ്ങളിലാണ് ആ കുടുംബത്തിന്റെ മഹനീയത നിലനിൽക്കുന്നത്.
റിട്ടയർമെന്റിന് ശേഷം മടിക്കൈ കോളേജ് പ്രിൻസിപ്പൽ, കാസർകോട് ത്രിവേണി കോളേജ് പ്രിൻസിപ്പൽ പീപ്പിൾസ് ഫോറം പ്രസിഡന്റ്, വിദ്യാനഗർ ലയൺസ് ക്ലബ് പ്രസിഡന്റ്, ചിന്മയ കോളനി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങി നിരവധി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഇങ്ങനെ വിദ്യാഭ്യാസം, സാമൂഹിക നന്മ, പരിസ്ഥിതി പ്രതിരോധം എന്നിവയിൽ തന്റെ കർമ്മോത്സുകത തുടർന്നു.
കേരളത്തിലെ പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ പരിസ്ഥിതി വിലയിരുത്തൽ സമിതിയിലെ വിദഗ്ദ്ധ അംഗമെന്ന നിലയിൽ അങ്ങയുടെ പ്രവർത്തനങ്ങളിൽ പുതുതായി നിർദ്ദേശിക്കപ്പെട്ട പദ്ധതികളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള ഫലപ്രദവും സത്യസന്ധവുമായ വിലയിരുത്തൽ ഉണ്ടായിരുന്നു. കാസർകോട് ജിയോളജി അലുമ്‌നി അസോസിയേഷൻ രൂപപ്പെടുത്തുന്നതിലും നിലനിർത്തുന്നതിലും ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടു പോകുന്നതിലും ഗോപി സാറിന്റെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമികവായിരുന്നു.
ജിയോളജി പൂർവ്വ വിദ്യാർത്ഥികളുടെ വാർഷിക ഒത്തുചേരൽ ഫലപ്രദമാകാൻ കാരണം സാറിന്റെ സൗമ്യതയാർന്ന നേതൃത്വമായിരുന്നു. കാസർകോട് കോളേജിലെ ജിയോളജി ലാബുകൾ, ലൈബ്രറി, മ്യൂസിയം, റോക്ക് ഗാർഡൻ എന്നിവ നവീകരിക്കുന്നതിൽ ഗോപി സാറിന്റെ സംഭാവന വലുതാണ്. എത്ര ക്ഷമയോടെയാണ് സാർ പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് ലേഖനങ്ങൾ ശേഖരിച്ച് ‘ലാവ’ എന്ന ശേഷ്ഠമായ ഓർമ്മ പുസ്തകം പ്രകാശനം ചെയ്തത്.
നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ അവസാന സന്ദർശനത്തിൽ കോളേജിന് എ പ്ലസ് നേടി കൊടുക്കാർ അങ്ങ് പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി. ജിയോളജി പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ചുകൾ ഉൾപ്പെടെയുള്ളവർ സാമ്പത്തികമായി സംഭാവന ചെയ്യാനോ വിജ്ഞാനം പങ്കിടാനോ മുന്നോട്ട് വന്നത് പ്രധാനമായും സാറിന്റെ നിർദ്ദേശത്താലായിരുന്നു.
‘ഒരു വട്ടം കൂടി’ ദശാബ്ദ സംഗമത്തിന്റെ ഓർഗനൈസേഷനിലും ഒപ്പന അവതരണത്തിലും സജീവമായി പങ്കെടുത്തതിലൂടെ ഗോപി സാർ അതിനെ രസകരമാക്കിയത് നേരിട്ട് അനുഭവിച്ചതാണ്.
സർ, അങ്ങയുടെ പാഠങ്ങൾ ഒരിക്കലും പാറകളെയും ധാതുക്കളെയും കുറിച്ചുള്ളത് മാത്രമായിരുന്നില്ല. സംതൃപ്തമായ ജീവിതത്തിനായുള്ള ജ്ഞാനത്തിന്റെ പങ്കുവയ്ക്കലായിരുന്നു അത്.
ശ്രേഷ്ഠരായ ശിഷ്യരിൽ മാത്രം ഊറ്റം കൊള്ളുന്ന അദ്ധ്യാപകരിൽ നിന്ന് വ്യത്യസ്തമായി എല്ലാ ശിഷ്യരോടും സമഭാവനയോടെ സമീപനം. സാറിന്റെ ഭൗതീകമായ അഭാവത്തിലും അങ്ങയുടെ ഋഷിവര്യജമായ സ്വാധീനം തലമുറകളോളം ഞങ്ങളിൽ പ്രതിധ്വനിക്കും. സാറിന്റെ അവസാന ദിനത്തിന് കൂട്ടുണ്ടായിരുന്നവരിൽ ഈയുള്ളവനും ഉണ്ടായിരുന്നു എന്നുള്ളത് ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല.
ഈ ദുഃഖത്തിലൂടെ സഞ്ചരിക്കുമ്പോൾ, ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പേർ ഇന്നലെ ഒഴുകിയെത്തി സാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയത് ആ മനസ്സിന്റെ ഔന്നത്യത്തെ രേഖപ്പെടുത്തുന്നു. ഗോപി സാറിനെ സമൂഹം എത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നുവെന്നതിന്റെ ഒരു ചെറിയ സൂചകം.
ഈ അഭാവത്തിൽ ഞങ്ങൾ അക്ഷരാർത്ഥത്തിൽ അനാഥരാണ്. കുടുംബത്തിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അഗാധമായ ഈ ഹൃദയവ്യഥയിലും ദുഃഖം മറികടക്കാന്‍ സാറിന്റെ ഓർമ്മകൾ നൽകുന്ന പ്രചോദനത്തോടെ ഞങ്ങൾ കർമ്മ നിരതനായി മുന്നോട്ട് പോകും.
(തിരുവനന്തപുരം നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ സീനിയർ ശാസ്ത്രജ്ഞനും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ മെമ്പർ സെക്രട്ടറിയുമാണ് ഡോ.കെ.കെ രാമചന്ദ്രൻ )




















