കേരളീയത്തിന് നവംബർ ഒന്നിന് തിരിതെളിയും

സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ടെന്നും അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘കേരളീയം 2023’ എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ്. ഏറ്റവും മികച്ച രീതിയിൽ അതേറ്റെടുത്ത് വിജയിപ്പിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളീയം 2023ന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ10 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുൾപ്പെടെ വലിയൊരു നിര പങ്കെടുക്കും.

കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്റെ സുപ്രധാന ഘടകമായ സെമിനാറുകൾ നവംബർ രണ്ടു മുതൽ ആറു വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കലാപരിപാടികൾ അരങ്ങേറും. എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *