മാക്കേകടവ്-നേരേക്കടവ് പാലം18 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ചേർത്തലയിലെ മാക്കേക്കടവ്- നേരേക്കടവ് പാലം ഒക്ടോബർ 18ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നാടിന് സമർപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. വേമ്പനാട്ടുകായലിൽ നിർമ്മിച്ച പാലത്തിന് 800 മീറ്റർ നീളമുണ്ട്. 2016 ലാണ് പാലത്തിൻ്റെ നിർമ്മാണം തുടങ്ങിയത്.
പണി പൂർത്തിയായതിനെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം അവസാനവട്ട പരിശോധന നടത്തി. രാവിലെ ഒമ്പത് മണിക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയോടൊപ്പം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, എം.പിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, കെ. ബിനിമോൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
സർക്കാർ രൂപീകരിച്ച് നാല് മാസത്തിനിടെ നിരന്തരയോഗങ്ങളുടെയും ഉദ്യോഗസ്ഥതല വിലയിരുത്തലുകളുടെയും ഫലമായി നിർമ്മാണം വേഗത്തിലാക്കുവാൻ സാധിച്ചുവെന്നും പാലവുമായി ബന്ധപ്പെട്ട മറ്റ് റോഡുകളുടെ തുടർ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. കെ.ബിനിമോൻ എം.എൽ.എ, ജില്ലാ കളക്ടർ ഷാജി വി. നായർ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ ടി. രേഖ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.




















