അന്താരാഷ്ട്ര ജലസസ്യ സമ്മേളനം കോഴിക്കോട്ട് തുടങ്ങി

അന്താരാഷ്ട്ര ജലസസ്യ സമ്മേളനത്തിന് കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ  തുടക്കമായി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ശാസ്ത്രീയ അറിവ് ശക്തിപ്പെടുത്തുന്നതിനും സംരക്ഷണാധിഷ്ഠിതമായ നവീന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനും

പ്രത്യേക പ്രാധാന്യം നൽകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ഭൂമിശാസ്ത്ര മേഖലകളിൽ നിന്നും വിവിധ ശാസ്ത്രശാഖകളിൽ നിന്നുമുള്ള വിദഗ്ധരുടെ പങ്കാളിത്തം പുതിയ സഹകരണങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പ് എക്സ്-ഓഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ തണ്ണീർത്തട ആവാസവ്യവസ്ഥകളുടെയും സുസ്ഥിര ഭാവിയുടെയും അവിഭാജ്യ ഘടകമാണ് ജലസസ്യങ്ങൾ എന്ന സന്ദേശം സമ്മേളനം മുന്നോട്ടു വെച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ ജലസസ്യങ്ങളുടെയും തണ്ണീർത്തട ആവാസവ്യവസ്ഥകളുടെയും വൈവിധ്യം, പാരിസ്ഥിതിക പ്രാധാന്യം, സുസ്ഥിര വിനിയോഗം, സംരക്ഷണം എന്നിവ സംബന്ധിച്ച് ഗവേഷകർ, അക്കാദമിക് വിദഗ്ധർ, സംരക്ഷണ പ്രവർത്തകർ, പ്രായോഗിക രംഗത്തെ വിദഗ്ധർ എന്നിവർ ആശയവിനിമയം നടത്തുന്നുണ്ട്. നാല് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

ജലസസ്യ വൈവിധ്യം, വർഗീകരണം, പരിസ്ഥിതിശാസ്ത്രം, സംരക്ഷണം, പ്രജനനം, കൃഷി, പരമ്പരാഗത അറിവ്, സുസ്ഥിര വിനിയോഗം, തണ്ണീർത്തട ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം, നവീന ആശയങ്ങൾ, ജലസസ്യ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായുള്ള പുതിയ സമീപനങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ഒക്ടോബർ 4 വരെ നടക്കുന്ന സമ്മേളനം ചർച്ച ചെയ്യും.

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് , ഐ.യു.സി. എൻ ഓൺ ഇക്കോസിസ്റ്റം മാനേജ്‌മെന്റ്, നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്  എന്നിവയുടെ സഹകരണത്തോടെ യാണ് സമ്മേളനം.