കൊച്ചി വാട്ടര്‍ മെട്രോ: പുതിയ ടെര്‍മിനലുകള്‍ അവസാനഘട്ടത്തില്‍

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയിലെ പുതിയ ടെര്‍മിനലുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ ടെര്‍മിനലുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പറേറ്റ് ഓഫീസില്‍ മാനേജിംഗ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് പുരോഗതി വിലയിരുത്തിയത്.

എറണാകുളം സുഭാഷ് പാര്‍ക്കിന് സമീപം നിര്‍മ്മാണം ആരംഭിച്ച ടെര്‍മിനലിന്റെ പൈലിംഗ് പുരോഗമിക്കുകയാണ്. ഒക്‌ടോബറില്‍  30 പൈലിംഗ് ജോലികളും അഞ്ച് പൈല്‍ ചിപ്പിംഗും പൂര്‍ത്തിയാക്കും. ഇടക്കൊച്ചി, വരാപ്പുഴ ടെര്‍മിനലുകള്‍, ഹൈക്കോടതി ടെര്‍മിനലിലെ ഒ.സി.സി, കെഡബ്ല്യുഎംഎല്‍ ഓഫീസ് സൗകര്യങ്ങള്‍ എന്നിവയുടെ കരാറുകള്‍ ഉടന്‍ നല്‍കാന്‍ കഴിയും.

കൂടാതെ ബോള്‍ഗാട്ടി, വൈറ്റില, സൗത്ത് ചിറ്റൂര്‍, കാക്കനാട്, കടമക്കുടി എന്നിവിടങ്ങളിലെ ബോട്ട് ചാര്‍ജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെന്‍ഡറുകള്‍ പുറപ്പെടുവിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു.

കൊച്ചിയിലെ വിജയകരമായ മാതൃക പിന്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലും കണ്‍സള്‍ട്ടന്‍സി സേവനം നല്‍കാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ കണ്‍സള്‍ട്ടന്‍സി വര്‍ക്കുകളില്‍ ചെയ്തതില്‍ നിന്ന് 15 കോടി രൂപയുടെ വരുമാനം ലഭിച്ചു.

മുംബൈ വാട്ടര്‍ മെട്രോയ്ക്കായുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍) സമര്‍പ്പിച്ചു. ഗോവ വാട്ടര്‍ മെട്രോയ്ക്കായുള്ള ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ മിനിസ്ട്രി ഓഫ് പോര്‍ട്‌സ്, ഷിപ്പിങ് ആന്റ് വാട്ടര്‍വേയ്‌സ് വേണ്ടി രാജ്യത്തെ 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോയ്ക്കായി ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി. ഒഡീഷയിലെ ചിലിക്ക തടാകത്തിനും കൊളാബ് ഡാമിനും വേണ്ടി സാധ്യതാ പഠനം നടത്തിക്കഴിഞ്ഞു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ പഠനം നടത്തുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലേഷ്യയിലെ പെനാങ്, വിയറ്റ്‌നാമിലെ മികോങ് റിവര്‍ എന്നിവടങ്ങളില്‍ പ്രീഫീസിബിലിറ്റി പഠനം നടത്തി.

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 2026 ഒക്‌ടോബര്‍ 2 വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 77,70,326 പേര്‍ യാത്ര ചെയ്തു. 2023 ഏപ്രില്‍ 26ന് സര്‍വീസ് ആരംഭിച്ച 2023-24 സാമ്പത്തിക വര്‍ഷം 18,44,375 പേരും 2024-25 സാമ്പത്തിക വര്‍ഷം 21,08,148 പേരും 2025-26 സാമ്പത്തിക വര്‍ഷം 24,64,559 പേരും 2026-27 ഈ സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍ 2 വരെ 13,53,244 പേരും വാട്ടര്‍ മെട്രോയുടെ അത്യാധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി.

കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിന്ന് സെമി നെയിമിംഗ് പരസ്യത്തിലൂടെ വരുമാനം ലഭിച്ചു തുടങ്ങി. മറ്റ് ടെര്‍മിനലുകളില്‍ സെമി നെയിമിംഗ് പരസ്യത്തിലൂടെയും കൊമേഴ്‌സില്‍ സ്‌പെയ്‌സില്‍ നിന്നും വരുമാനം കണ്ടെത്തും. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷം 4,13,20,240 രൂപയും 2024-25 സാമ്പത്തിക വര്‍ഷം 8,13,54,933 രൂപയും 2025-26 സാമ്പത്തിക വര്‍ഷം 10,89,86,929 രൂപയും ടിക്കറ്റ് വരുമാനത്തിലൂടെ ലഭിച്ചു.

കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍മാരായ ഡോ.എം.പി.രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്), ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.