കർഷകർക്ക് സുസ്ഥിര വിപണി ഉറപ്പാക്കാൻ പദ്ധതിയുമായി കേര

​കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി ‘പ്രൊഡക്ടിവ് അലയൻസ്’ സ്കീമിന് തുടക്കമായി.

ചെറുകിട കർഷക കൂട്ടായ്മകളായ ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും (FPC), കാർഷികോൽപ്പന്നങ്ങൾ വാങ്ങാൻ താല്പര്യമുള്ള ദേശീയ-അന്തർദേശീയ ബിസിനസ് പങ്കാളികളെയും (ABP) തമ്മിൽ കോർത്തിണക്കി മികച്ച വിപണിയും വിലയും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ കാർഷിക വിളകൾക്ക് രാജ്യാന്തര വിപണി കണ്ടെത്താനും ഈ പദ്ധതി വഴി സാധിക്കും.

പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ഒൻപത് ജില്ലകളിലായി ആദ്യഘട്ടത്തിൽ 100 പ്രൊഡക്ടിവ് അലയൻസുകൾ രൂപീകരിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 150 ആയി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എഫ്.പി.സികളും ബിസിനസ് പങ്കാളികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ, ഉൽപ്പാദന സഹായത്തിനും ബിസിനസ് വിപുലീകരണത്തിനുമായി പദ്ധതി ചെലവിന്റെ 60 ശതമാനം (പരമാവധി രണ്ട് കോടി രൂപ വരെ) ഗ്രാന്റായി നൽകും. ഇതിനുപുറമെ മൂന്ന് വർഷത്തെ സാങ്കേതിക സഹായവും ലഭ്യമാക്കും.

​പദ്ധതിയിൽ പങ്കാളികളാകാൻ താല്പര്യമുള്ള ചുരുങ്ങിയത് 10 കോടി രൂപ വിറ്റുവരവുള്ള കാർഷിക/കാർഷികേതര കമ്പനികൾ, സൂപ്പർമാർക്കറ്റുകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവർക്കും 200 അംഗങ്ങളും 10 ലക്ഷം രൂപ വിറ്റുവരവുമുള്ള എഫ്.പി.സികൾക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് https://pa.kera.kerala.gov.in/auth/login എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.