കാസർകോട് ജില്ലയിൽ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കണം- കാനായി
വടക്കൻ കേരളത്തിൽ ഫൈൻ ആർട്സ് കോളേജുകൾ ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ മേഖലയിൽ കാസർകോട് ജില്ലയിൽ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കണമെന്ന് ശില്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. അതിനാവശ്യമായ എല്ലാ പിന്തുണയും നൽകും. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം. പുരോഗതിയെന്നാൽ പ്രകൃതിയെ നശിപ്പിക്കലല്ല. കലാപഠനം പ്രകൃതിയെ അറിയാൻ ആവശ്യമാണ് – കാനായി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ താൻ നിർമ്മിച്ച ശില്പങ്ങൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമർപ്പണചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ഓർമ്മകൾ വിളിച്ചോതുന്ന വിക്ടിംസ്, അതിജീവനത്തിൻ്റെ പ്രതീകമായി ഫ്രീഡംഎന്നീ ശിൽപങ്ങളാണ് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തിന്റെ മുന്നിൽ നിർമ്മിച്ചിട്ടുള്ളത്.
കാനായി ജന്മനാടിന് സമ്മാനിച്ച അമൂല്യ ശിൽപ്പങ്ങളാണ് ഇവയെന്നും ശംഖുമുഖത്തും വേളിയിലും തോന്നയ്ക്കലും ഉൾപ്പടെയുള്ള കാനായി കുഞ്ഞിരാമൻ നിർമിച്ച ശിൽപ്പങ്ങളുടെ കൂടെ 45അടി ഉയരമുള്ള ഈ ശിൽപ്പം ചരിത്രത്തിൽ സ്ഥാനം നേടുമെന്നും അദ്ദേഹം പറഞ്ഞു. കല്ലട്ര മാഹിൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം പ്രഭാഷണം നടത്തി.
എ.കെ.എം.അഷറഫ് എം.എൽ.എ, കെ.നീലകണ്ഠൻ എം.എൽ.എ, ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ പൊലീസ് മേധാവി നിതിൻ രാജ്, മുൻ എം.പി പി.കരുണാകരൻ മുൻ എം.എൽ.എ.കെ.കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.സോയ, കാനായി കുഞ്ഞിരാമൻ്റെ പത്നി നളിനി കാനായി ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് രൂപശ്രീ വോർക്കാടി തുടങ്ങിയവർ സംബന്ധിച്ചു. കാസർകോട് ജില്ല പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ശില്പം നിർമ്മിച്ചത്.




















