വീരമലക്കുന്നിൽ മണ്ണിടിച്ചിൽ തടയാൻ ഉടൻ നടപടിയെടുക്കാൻ നിർദ്ദേശം
ദേശീയപാത നിർമ്മാണം നടക്കുന്ന കാസർകോട് ചെറുവത്തൂർ വീരമലകുന്നിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.നിലവിൽ നിർമ്മാണ പ്രവർത്തികൾ മന്ദഗതിയിലാണെന്ന് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ച കളക്ടർ പറഞ്ഞു.
കഴിഞ്ഞ കാലവർഷത്തിൽ രൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ദേശീയപാത നിർമ്മാണം നടക്കുന്ന വീരമലക്കുന്നിൽ മൺസൂണിന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കൂടുതൽ യന്ത്രോപകരണങ്ങൾ എത്തിച്ച് പ്രവൃത്തി ത്വരിതപ്പെടുത്തണം
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്.
സാമൂഹിക വനവൽക്കരണ വിഭാഗത്തിൻ്റെ ഭാഗമായുള്ള വീരമലക്കുന്നിൻ്റെ മുകൾഭാഗവും കളക്ടർ സന്ദർശിച്ചു. നിർമ്മാണം വേഗത്തിലാക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉമേഷ് ഗാർഹിന് കളക്ടർ നിർദ്ദേശം നൽകി.
വീരമലക്കുന്നിൽ ജില്ലാടൂറിസംപ്രമോഷൻ കൗൺസിലും സാമൂഹിക വനവൽക്കരണ വിഭാഗവും നടത്തുന്ന ടൂറിസം പദ്ധതിയുടെ പുരോഗതിയും കളക്ടർ അവലോകനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ലിപു.എസ് ലോറൻസ് ഹൊസ്ദുർഗ് തഹസിൽദാർ പ്രേംരാജ് തഹസിൽദാർ ശശിധരൻ തുടങ്ങിയവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.




















