കൊച്ചി മെട്രോ ലോക പൊതുഗതാഗത ദിനം ആചരിച്ചു

കൊച്ചി മെട്രോ ലോക പൊതുഗതാഗത ദിനം ആചരിച്ചു. കൊച്ചിയുടെ അഭിമാനമായ സമഗ്ര പൊതുഗതാഗത സംവിധാനമാണ് നഗരത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ പറഞ്ഞു. മെട്രോ ട്രെയിനുകൾ, വാട്ടർ മെട്രോ ബോട്ടുകൾ,  നഗര വീഥികളിലൂടെ സഞ്ചരിക്കുന്ന ശീതീകരിച്ച ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയുടെ സംയോജിത സേവനമാണ് കൊച്ചിയെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനങ്ങളുടെ വർദ്ധനവ് പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും കുറയ്ക്കാൻ ഏറ്റവും സ്മാർട്ടായ പരിഹാരം പൊതുഗതാഗത സംവിധാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി ടെർമിനൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്പോർട്ട്) ഷാജി ജനാർദ്ദനൻ, വാട്ടർ മെട്രോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാജൻ ജോൺ, അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ ടി.ജി, ഡെപ്യൂട്ടി ജനറൽ മാനേജർ സജിത്, ജി.ഐ.സെഡ് ഇലക്ട്രിക്കൽ മൊബിലിറ്റി അഡ്വൈസർ ഡോ. ശിരീഷ് മഹീന്ദ്ര എന്നിവർ പങ്കെടുത്തു.

സംയോജിത പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളടങ്ങിയ കീ ചെയിൻ, കാർഡുകൾ എന്നിവ മെട്രോ, വാട്ടർ മെട്രോ ഫീഡർ ബസ് യാത്രക്കാർക്ക് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് യാത്രക്കാർക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൊച്ചി മെട്രോ ഫിനാൻസ് അസോസിയേറ്റ്സ് വിദ്യ എസ്.മേനോൻ ക്വിസ് മത്സരം നയിച്ചു.