ഗാനഗന്ധർവ്വൻ്റെ അനുഗ്രഹം തേടി മനോജ് കെ.ജയൻ
ഗാനഗന്ധർവ്വൻ്റെ അനുഗ്രഹത്താൽ ഇത്തവണത്തെ വിഷു ധന്യമെന്ന് നടനും ഗായകനുമായ മനോജ് കെ. ജയൻ. വിഷു ദിനത്തിൽ അമേരിക്കയിലെ യേശുദാസിൻ്റെ വീട്ടിലെത്തിയാണ് മനോജ് കെ. ജയൻ അനുഗ്രഹം വാങ്ങിയത്.
കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ലെന്ന് മനോജ് ഫേസ്ബുക്കിൽ കുറിച്ചു.“പറയരുതേ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം” എന്ന തലക്കെട്ടോടെയാണ് ഈ സന്തോഷവേളയെക്കുറിച്ചുള്ള വിവരം മനോജ് കെ.ജയൻ ഫേസ്ബുക്കിലിട്ടത്.
എൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഞാൻ ഈ അവസരത്തെ കാണുന്നുവെന്നും മനോജ് കെ. ജയൻ കുറിച്ചു. ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം : “ഈ വർഷത്തെ എൻ്റെ വിഷു ധന്യം. ഗന്ധർവഗായകൻ്റെ, നമ്മുടെ സ്വന്തം ദാസേട്ടൻ്റെ അമേരിക്കയിലെ വസതിയിൽ മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി കുറെനേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല.
എൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഈ അവസരത്തെ ഞാൻ മനസ്സിലാക്കുന്നു എന്റെ എല്ലാ പ്രിയമുള്ളവർക്കും ഹൃദയത്തിന്റെ ഭാഷയിൽ വിഷു ആശംസകൾ നേരുന്നു”.




















