വെള്ളത്തിൽ വിരിഞ്ഞൊരു ഗ്രാമം- കാംപോംഗ് ആയർ
ഡോ.പി.വി.മോഹനന്
ബ്രൂണെയുടെ തലസ്ഥാനമായ ബാന്തർ നഗരത്തിന്റെ നിശ്ചലമായ പ്രഭാതത്തിൽ ബ്രൂണെ നദിയുടെ മൃദുവായ ഒഴുക്കിന് മുകളിൽ ഒരു ഗ്രാമം ഉണരുന്നു. മരത്തൂണുകളിൽ ഉയർത്തിപ്പണിത വീടുകളുടെ നിരകൾ നദിയുടെ മുകളിൽ ചാരിയിരിക്കുകയാണ്.
അത് തന്നെയാണ് കാമ്പോങ്ങ് ആയർ. വെള്ളത്തിന്റെ നെഞ്ചിലേറി നിൽക്കുന്ന ഒരു പഴയ ലോകം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജലഗ്രാമങ്ങളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. ഒരു കാലത്ത് ബ്രൂണെയുടെ പ്രധാന നഗരകേന്ദ്രം തന്നെയായിരുന്നു ഈ ജലഗ്രാമം. വീട്, പള്ളി, സ്കൂൾ, പോലീസ് സ്റ്റേഷൻ, കടകൾ എന്നിവയൊക്കെയും വെള്ളത്തിന് മുകളിൽ തൂണുകളിൽ നിർമ്മിച്ച നിലയിലാണ്.
കാംപോംഗ് ആയർ ഒരു വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി ബ്രൂണെയുടെ സാംസ്കാരിക തിരിച്ചറിവിന്റെ പ്രതീകം കൂടിയാണ്. ഇവിടെ പതിനായിരക്കണക്കിന് ആളുകൾ താമസിക്കുന്നു.
മണ്ണ് ഇല്ലാത്തിടത്ത് പോലും മനുഷ്യൻ തന്റെ ജീവിതം പണിയാമെന്നതിന് തെളിവായി മരത്തൂണുകളിൽ ഉയർത്തിയ വീടുകൾ വെള്ളത്തിന്മേൽ നീണ്ടുനിൽക്കുന്നു. വീടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് മരപ്പാലങ്ങളാണ്. ആ പാലങ്ങളിലൂടെ കുട്ടികൾ സ്കൂളിലേക്കു നടക്കുന്നു. വീടുകളുടെ മുന്നിൽ ചെറിയ തോണികൾ കെട്ടിയിരിക്കുന്നു.
വഴികളായി ഇവിടെ വെള്ളമാണ്, വാഹനങ്ങളായി ബോട്ടുകളും.
വൈകുന്നേരങ്ങളിൽ വീടുകളുടെ വരാന്തകളിൽ നിന്ന് നദിയിലേക്ക് നോക്കി നിൽക്കുന്ന ആളുകളെ കാണാം. 1950കളിൽ ബ്രൂണെയിൽ നഗരവികസനം വേഗത്തിലാകുമ്പോൾ സർക്കാർ കാംപോംഗ് ആയറിലെ ജനങ്ങളെ കരഭാഗത്തെ പുതിയ ഹൗസിംഗ് കോളനികളിലേക്ക് മാറ്റാൻ പദ്ധതി തയ്യാറാക്കി. കുടിവെള്ളം, ശുചിത്വം, മലിനജല നിയന്ത്രണം എന്നിവ ബുദ്ധിമുട്ടുണ്ടാക്കുന്ന ഘടകങ്ങളായിരുന്നു. അതുകൊണ്ട് സർക്കാർ സുരക്ഷിതമായ കരവീടുകൾ ഒരുക്കി ആളുകളെ മാറ്റാൻ ശ്രമിച്ചു.
1960കളിൽ ആരംഭിച്ച നാഷണൽ ഹൗസിംഗ് പദ്ധതികൾ വഴി കാംപോംഗ് ആയറിലെ കുടുംബങ്ങൾക്ക് കരഭാഗത്ത് വീടുകൾ നൽകി. കുറച്ചു പേർ മാറാൻ തയ്യാറായി. എന്നാൽ ബഹു ഭൂരിപക്ഷം പേരും മാറാൻ തയ്യാറാകാത്തതോടെ സർക്കാർ പുനരധിവാസത്തിൽ നിന്ന് പിൻമാറി. കാംപോംഗ് ആയറിലെ ആളുകളുടെ ജീവിതം നദിയുമായി അടുപ്പമുള്ളതാണ്.
ബോട്ട് യാത്ര, മത്സ്യബന്ധനം, നദിയെ ചുറ്റിപ്പറ്റിയ തൊഴിൽ, കൂട്ടായമയിലൂടെയുള്ള ജീവിതം എല്ലാം അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വെള്ളകെട്ടിലെ കണ്ടൽ പോലെ ജലവീടുകൾ വെള്ളത്തിൽ വേരുറപ്പിച്ചു. മുതലകൾ നിറഞ്ഞ നദിയിൽ അവർ ഭയക്കാതെ ജീവിച്ചു. വർഷങ്ങൾക്ക് മുമ്പ് ഒരാളുടെ കൈ മുതല കടിച്ചു മുറിച്ചിട്ടും അവർ പേടിച്ചില്ല. കാംപോംഗ് ആയറിലെ ജനങ്ങൾക്ക് അത് ഒരു ഗ്രാമം മാത്രമല്ല. അത് അവരുടെ ഓർമ്മകളും വേരുകളും ജീവിതത്തിന്റെ ഒഴുക്കും ചേർന്ന ഒരു ലോകമാണ്.
പൂർണ്ണമായി ഗ്രാമം ഒഴിപ്പിക്കാനുള്ള ശ്രമം വിജയിക്കാത്തതോടെ സർക്കാർ സമീപനം മാറ്റി. വീടുകളുടെ കോൺക്രീറ്റ് തൂണുകൾ ശക്തിപ്പെടുത്തൽ, പുതിയ മരപ്പാതകളും പാലങ്ങളും നിർമ്മിക്കൽ, വൈദ്യുതി, കുടിവെള്ളം സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ സർക്കാർ സഹായത്തോടെ നടപ്പാക്കി
ആയിരം വർഷങ്ങൾ മുമ്പ് തന്നെ ഈ ജലഗ്രാമം രൂപംകൊണ്ടിരുന്നു.
ബ്രൂണെ സുൽത്താനേറ്റ് ശക്തമായിരുന്ന കാലത്ത് വ്യാപാരികളും മത്സ്യത്തൊഴിലാളികളും നദിയുടെ കരയിലല്ല നദിയിലാണ് ജീവിതം പണിതത്. വിദേശ യാത്രികർ ഈ ഗ്രാമം കണ്ടപ്പോൾ അത്ഭുതപ്പെട്ടു. വെള്ളത്തിൽ പണിത ഒരു വലിയ നഗരസമൂഹം അതുകൊണ്ടാണ് അവർ ഇതിനെ “കിഴക്കിന്റെ വെനീസ്” എന്ന് വിളിച്ചത്. കാലം മാറി. നഗരങ്ങൾ ഉയർന്നു. ആധുനികത എത്തി. എന്നാൽ കാംപോംഗ് ആയർ തന്റെ ആത്മാവ് മാറ്റിയില്ല. ഇന്നും നദിയുടെ മേൽ തന്നെ അത് നിലകൊള്ളുന്നു.
കാംപോംഗ് ആയർ വെറും വീടുകളുടെ കൂട്ടമല്ല, ഒരു സമൂഹത്തിന്റെ ഹൃദയമാണ്. രാവിലെ ബോട്ടുകളിൽ സ്കൂളിലേക്കു പോകുന്ന കുട്ടികൾ, വൈകുന്നേരങ്ങളിൽ മീൻപിടുത്തത്തിനായി നദിയിലേക്ക് പോകുന്ന പുരുഷന്മാർ, വീടുകളുടെ വരാന്തകളിൽ നിന്ന് സംസാരിക്കുന്ന സ്ത്രീകൾ ഇതെല്ലാം ഗ്രാമത്തിന്റെ നിത്യദൃശ്യങ്ങളാണ്. മരപ്പാലങ്ങളിലൂടെ നടന്നാൽ വീടുകളുടെ ഇടയിൽ നിന്നുയരുന്ന ഭക്ഷണത്തിന്റെ മണം പോലും അനുഭവിക്കാം. നദിയുടെ കാറ്റും മനുഷ്യജീവിതത്തിന്റെ ചൂടും ഇവിടെ ഒരുമിച്ചിരിക്കുന്നു.
സന്ധ്യാസമയത്തിന്റെ സൗന്ദര്യം സൂര്യൻ പടിഞ്ഞാറോട്ട് ചെരിയുമ്പോൾ നദിയിലെ വെള്ളം സ്വർണ്ണനിറം ധരിക്കുന്നു.
മരവീടുകളുടെ നിഴലുകൾ വെള്ളത്തിൽ നീളുന്നു. കാംപോംഗ് ആയർ നമ്മെ ഓർമ്മിപ്പിക്കുന്ന ഒരേയൊരു സത്യമുണ്ട്. മനുഷ്യർക്ക് മണ്ണിൽ മാത്രമല്ല, വെള്ളത്തിലും തന്റെ ലോകം പണിയാൻ കഴിയും. നമ്മുടെ കുട്ടനാടിനെ ഒരു ജലഗ്രാമമാക്കാൻ നമുക്കും എന്തുകൊണ്ട് ശ്രമിച്ചു കൂടാ. ബ്രൂണൈ നദിയുടെ മൃദുവായ ഒഴുക്കിനൊപ്പം ഇന്നും ജീവിക്കുന്ന ഒരു നിശ്ശബ്ദ കഥയാണ് കാംപോംഗ് ആയർ. (മൃഗസംരക്ഷണ വകുപ്പ് മുൻ അസി. ഡയരക്ടറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ലേഖകൻ )




















