പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ നിരീക്ഷണ സംവിധാനം
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന എല്‍.പി.ജി ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പാചകവാതക വിതരണം നിരീക്ഷിക്കാനും മുന്‍ഗണന നിശ്ചയിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. സിലിണ്ടര്‍ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പ്‌ലൈന്‍ വഴിയുള്ള പ്രകൃതിവാതക വിതരണം കാര്യക്ഷമമാക്കുകയും നടന്നുകൊണ്ടിരിക്കുന്ന പൈപ്പ്‌ലൈന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കുകയും വേണം. പാചകവാതകത്തിന് കൃത്രിമ ക്ഷാമമുണ്ടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.
പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയാന്‍ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൈപ്പ് വഴിയുള്ള നാച്വുറല്‍ ഗ്യാസ് കണക്ഷന്‍ ലഭ്യമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയുടെ എല്‍.പി.ജി ഉപഭോഗം പരമാവധി കുറക്കാനും നാച്വുറല്‍ ഗ്യാസ് കണക്ഷന്‍ കൂടുതല്‍ നല്‍കാനും നടപടിയെടുത്തിട്ടുണ്ട്.
നോണ്‍ ഡൊമസ്റ്റിക് സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ക്ക് എല്‍.പി.ജി ട്രാക്കര്‍ ആപ്പ് വഴി അപേക്ഷിക്കാന്‍ സൗകര്യമുണ്ട്. അപേക്ഷകര്‍ക്ക് മുന്‍ഗണന ക്രമത്തിലാണ് സിലിണ്ടറുകള്‍ അനുവദിക്കുന്നതെന്നും യോഗത്തില്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ഗോപന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ. സുമിത, കോര്‍പറേഷന്‍ അഡീഷണല്‍ സെക്രട്ടറി സി.കെ. അജീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.




















