പത്മപ്രഭാ പുരസ്‌ക്കാരം സുഭാഷ് ചന്ദ്രന്

ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌ ക്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ ചെയര്‍മാനും നോവലിസ്റ്റ് സാറാജോസഫ്, കഥാകൃത്തും നോവലിസ്റ്റുമായ സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ അറിയിച്ചു.

ആധുനികാനന്തര മലയാള ചെറുകഥയേയും നോവലിനേയും ഭാഷയിലേയും ബിംബാവലികളുടേയും നവീനത കൊണ്ട് പുതുക്കിപ്പണിത എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രന്‍ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. അന്യൂനമായ ക്രാഫ്റ്റിന്റെ ഭംഗിയും ദൃഢതയും സുഭാഷ് ചന്ദ്രന്റെ എഴുത്തിന്റെ സവിശേഷതയാണ്. തച്ചനക്കര എന്ന ഗ്രാമത്തെ അനശ്വരമാക്കിക്കൊണ്ട് നൂറ് വര്‍ഷത്തെ മലയാളി ജീവിതത്തെ വൃത്യസ്തമായി വ്യാഖ്യാനിച്ച ”മനുഷ്യന് ഒരാമുഖം” എന്ന നോവല്‍ മലയാള നോവല്‍ സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സമിതി നിരീക്ഷിച്ചു.

1972-ല്‍ ആലുവയ്ക്ക് സമീപം കടുങ്ങല്ലൂരില്‍ ജനിച്ച സുഭാഷ് ചന്ദ്രന്റെ ”ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം” എന്ന കഥയ്ക്ക് മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഇതേ പേരിലുള്ള ആദ്യ കഥാസമാഹാരത്തിന് 2001 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആദ്യനോവലായ മനുഷ്യന് ഒരു ആമുഖം സാഹിത്യ അക്കാദമി പുരസ്‌ക്കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌ക്കാരം തുടങ്ങിയവ നേടി.

സമുദ്രശില എന്ന നോവലിന് പ്രഥമ പത്മരാജന്‍ നോവല്‍ പുരസ്‌ക്കാരം, പ്രഥമ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ സാഹിതൃപുരസ്‌ക്കാരം, ഒ.വി. വിജയന്‍ പുരസ്‌ക്കാരം, എം. സുകുമാരന്‍ പുരസ്‌ക്കാരം തുടങ്ങിയവ ലഭിച്ചു. സുഭാഷ് ചന്ദ്രന്‍ ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്ററാണ്. ഭാര്യ: ജയശ്രീ. മക്കള്‍: സേതുപാര്‍വതി, സേതുലക്ഷ്മി.

One thought on “പത്മപ്രഭാ പുരസ്‌ക്കാരം സുഭാഷ് ചന്ദ്രന്

Leave a Reply

Your email address will not be published. Required fields are marked *