മൊഞ്ചത്തിമാർ താളമിട്ടു; ഒപ്പന കാണാൻ നിറഞ്ഞ സദസ്സ്
ഒപ്പനപ്പാട്ടിൽ താളം കൊട്ടി മൊഞ്ചത്തി മാർ വേദി നിറഞ്ഞാടി. കാണാനെത്തിയവരെക്കൊണ്ട് സദസ്സ് നിറഞ്ഞു കവിഞ്ഞു. കേരള സ്ക്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ കേിഴിക്കോട്
വെസ്റ്റ്ഹിൽ വിക്രം മൈതാനം ഒപ്പനപ്പാട്ടിലലിഞ്ഞു. വാശിയേറിയ മത്സരം രാത്രി വരെ നീണ്ടു. നാരിമാരുടെ വാഴ്ത്തിപ്പാട്ടും മണവാട്ടിയുടെ നാണച്ചിരിയും ചന്തത്തിലുള്ള ചുവടുകളും കൂടിയായപ്പോൾ കാണികൾ ഒപ്പം കൂടി താളമിട്ടു.
മലബാറിന്റെ തനതു മാപ്പിള കലാരൂപമായ ഒപ്പന കാണാൻ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്. വെള്ള പെങ്കുപ്പായവും കാച്ചിമുണ്ടുമുടുത്തു പരമ്പരാഗത വേഷത്തിൽ നാരിമാരെത്തി. വളക്കിലുക്കവും മെയ്താളവും ചേർന്നപ്പോൾ ഒപ്പന കാണാൻ എത്തിയവരുടെ ഖൽബ് നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു. 12 അപ്പീലുകളും ഇക്കുറിയുണ്ട്. രണ്ടു മണിക്ക് ശേഷം ആരംഭിച്ച ഒപ്പന മത്സരം രാത്രി എട്ടര വരെ നീണ്ടു.