പുതുവത്സരത്തിൽ വയനാട്ടിൽ പൂക്കളുടെ ഉത്സവം

പൂപ്പൊലി ജനുവരി ഒന്നിന്‌ വൈകീട്ട്  3.30ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

പുതുവത്സരത്തെ വരവേൽക്കാൻ വയനാട്ടിൽ പൂക്കളുടെ ഉത്സവം. പൂക്കളുടെ വർണ്ണ ലോകം തുറന്നിടുന്ന പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നിന് തുടക്കമാകും. വൈകീട്ട് 3.30 ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

മന്ത്രി കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തും. രാഹുല്‍ ഗാന്ധി എം.പി വിശിഷ്ടാഥിതിയാകും. ജനുവരി ഒന്നു മുതല്‍ 15 വരെ നടക്കുന്ന പൂക്കളുടെ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് 

തോട്ടം ഇവയ്ക്ക് പുറമെ തായ്ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരഖണ്ഡില്‍ നിന്നുള്ള വിവിധ അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ വിസ്മയമാണ്  ഒരുക്കിയിരിക്കുന്നത്.

ഫ്ളോട്ടിംഗ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പെര്‍ഗോള ട്രീ ഹട്ട്, ജലധാരകള്‍ എന്നിവ പ്രധാന ആകര്‍ഷണമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, വിവിധതരം ശില്‍പ്പങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, വിവിധയിനം പക്ഷി മൃഗാദികള്‍,  ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, പുഷ്പ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിംഗ് തുടങ്ങിയവ  മേളയുടെ ഭാഗമാണ്.

കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള്‍ അതാത് മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ മേളയില്‍ സംഘടിപ്പിക്കും. ഇരുന്നൂറിൽപ്പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിവിധയിനം കലാവിരുന്നുകളും നടക്കും. പൂപ്പൊലി നഗരിയിലെ പ്രവേശന നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപയുമാണ്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്ന് ജനുവരി ഒന്നു മുതല്‍ 15 വരെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പ്രത്യേക സര്‍വ്വീസ് നടത്തും.