നിയോകോവ് വൈറസ് നാലാം തരംഗത്തിന് കാരണമാവുമോ?

ഡോ.ബി.ഇക്ബാൽ

മാരകമായ രോഗാണുബാധക്ക് കാരണമായ നിയോകോവ് (NeoCov) എന്നൊരു പുതിയ കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന അതിശയോക്തി കലർന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ കണ്ടെത്തിയ നിയോകോവ് വൈറസുമൂലം രോഗം ബാധിക്കുന്ന മൂന്നിലൊരാൾ മരണമടയുമെന്ന് ചൈനീസ് ഗവേഷകർ മുന്നറിയിപ്പ് നൽകിയതായാണ് വാർത്ത.

2012-14 കാലത്ത് സൗദി അറേബ്യയിൽ ഉത്ഭവിച്ച മെഴ്സ് (MERS: Middle East Respiratory Syndrome) പടർത്തിയ മെഴ്സ് കൊറോണ വൈറസിനോട് സാമ്യമുള്ളതാണ് നിയോകോവ് എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. വവ്വാലുകളിൽ നിന്ന് ഒട്ടകത്തിലൂടെ മനുഷ്യരിലെത്തിയ മെഴ്സ് വൈറസ് 2519 ഓളം പേരെ ബാധിക്കുകയും 866 പേർ മരണമടയുകയും ചെയ്തിരുന്നു. (മരണനിരക്ക് 34.3%).

നിയോകോവ് വൈറസ് പുതുതായി കണ്ടെത്തിയ വൈറസല്ല. 2011 ൽ അലോബാറ്റ്സ് (Aloe Bats) എന്നറിയപ്പെടുന്ന നിയൊറോമികിയ (Neoromicia) എന്ന ഇനം വവ്വാലുകളിൽ നിയോകോവ് വൈറസിന്റെ സാന്നിധ്യം ആഫ്രിക്കൻ മലഗാസി പ്രദേശത്ത് കണ്ടെത്തിയിരുന്നു. മെഴ്സ് കൊറോണ വൈറസിനോട് 85% ജനിതക സാമ്യമുള്ള വൈറസാണ് നിയോകോവ്. എന്നാൽ മനുഷ്യകോശങ്ങളിൽ പ്രവേശിക്കാൻ മെഴ് സ് വൈറസ് ഉപയോഗിക്കുന്ന മനുഷ്യശരീരത്തിലെ DPP4 റിസപ്റ്റർ (Dipeptidyl peptidase 4 receptor) ഉപയോഗിക്കാൻ ഈ വൈറസിന് കഴിയില്ല.

കോവിഡിന് കാരണമായ സാർഴ്സ് കൊറോണ വൈറസ്- 2 മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നത് മനുഷ്യശരീരത്തിലെ ACE 2 ഗ്രാഹികൾ (ACE-2 Reeptor: Angiotensin converting enzyme-2 Receptor) വഴിയാണ്. നിയോകോവ് വൈറസ് വവ്വാലുകളുടെ കോശങ്ങളിൽ കടക്കുന്നത് ACE 2 ഗ്രാഹികളിലൂടെയാണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗവേഷണപഠനം പറയുന്നത് നിലവിൽ മനുഷ്യകോശങ്ങളിലെ ACE 2 ഗ്രാഹികളുമായി ചേരാനോ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോകോവ് വൈറസിനില്ലെന്നാണ്. എന്നാൽ നിയോകോവ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ ഉചിതമായ ജനിതകവ്യതിയാനം സംഭവിച്ചാൽ ACE 2 ഗ്രാഹികളുമായി ചേർന്ന് മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാൻ നിയോകോവ് വൈറസിന് കഴിഞ്ഞേക്കാം.

മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോകോവ് എന്ന കൊറോണ വൈറസ്. വവ്വാലുകളിലും മറ്റും അവയ്ക്ക് രോഗമുണ്ടാക്കാതെ കഴിയുന്ന ഇത്തരം വൈറസുകൾ മനുഷ്യരിലേക്ക് കടന്ന് ജനിതകവ്യതിയാനത്തിലൂടെ രോഗകാരണമാവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകാനാണ് ഗവേഷകർ ശ്രമിച്ചത്. മനുഷ്യരിലേക്ക് ഇങ്ങനെ മറ്റ് ജീവികളിൽ നിന്നും വൈറസ് കടക്കുന്നതിനെ സ്പിൽ ഓവർ (Spill Over) എന്നാണ് വിശേഷിപ്പിക്കുക.

പലപ്പോഴും ഒരു ഇടനില ജീവിയിലൂടെയാണ് (Intermediate Host) വൈറസ് മനുഷ്യരിലെത്തുന്നത്. ചൈനയിൽ 2002-04 ൽ വ്യാപിച്ച സാർസ് (SARS: Severe Acute Respiratory Syndrome) വവ്വലുകളിൽ നിന്നും ചൈനീസ് മാംസ കമ്പോളത്തിലെ (Wet market) വെരുകിലൂടെയാണ് (Civet Cat) മനുഷ്യരിലെത്തിയത്. കോവിഡ് വൈറസ് മനുഷ്യരിലെത്തിയതിന് കാരണമായ ഇടനിലജീവിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെതന്നെ ജനിതകപഠന നിരീക്ഷണത്തിലൂടെ (Genomic Surveillance) കണ്ടെത്തുകയും, ജനിതക സവിശേഷതകൾ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചും മാംസ മൃഗവ്യാപാരങ്ങളടക്കമുള്ള മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധപ്പെടലുകൾ ഉചിതമായി നിയന്ത്രണ വിധേയമാക്കിയും ഭാവിയിലെ മഹാമാരികളെ തടയാൻ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളിൽ ഒന്നു മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന നിയോകോവ് ഗവേഷണ പഠനം. എന്തായാലും നിയോകോവ് വൈറസ് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമാണെന്നും കൂടുതൽ മരണസാധ്യതയുള്ള നാലാം തരംഗത്തിന് കാരണമാവുമെന്നും മറ്റും ഭയപ്പെടേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *