സിയാലിൽ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യാന്തര ചരക്കുനീക്കവും പരിശോധന നടപടികളും വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) സജ്ജമാക്കിയ ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, സി.ഐ.എസ്.എഫ്, കസ്റ്റംസ് എന്നീ ഏജൻസികളുടെ സഹകരണത്തോടെ രാജ്യത്ത് ആദ്യമായാണ് ഒരു എയർപോർട്ടിൽ ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്.

ആഭ്യന്തര എയർലൈനുകളിൽ നിന്ന് രാജ്യാന്തര എയർലൈനുകളിലേക്കും തിരിച്ചുമുള്ള കാർഗോ നീക്കം വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിൽ തന്നെ നടത്തുന്ന പ്രക്രിയയാണിത്. നേരത്തെ ഇത്തരം കാർഗോ ഓപ്പറേഷണൽ ഏരിയയിൽ നിന്നും മാറ്റി കാർഗോ ടെർമിനലിൽ എത്തിച്ച് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വീണ്ടും അടുത്ത വിമാനത്തിലേക്ക് കയറ്റുകയാണ് ചെയ്തിരുന്നത്‌.

ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർവിമാനങ്ങളിലേക്ക് ചരക്കുകൾ കൈമാറുന്നതിന് ഏകദേശം മൂന്ന് ദിവസം വരെ വേണ്ടിവന്നിരുന്നു. പുതിയ സംവിധാനം നിലവിൽ വന്നതാടെ സുരക്ഷാപരിശോധന ഓപറേഷണൽ ഏരിയയ്ക്ക് സമീപമുള്ള ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ തന്നെ പൂർത്തിയാക്കാനാവും.

നിലവിലെ രീതിയുമായി താരതമ്യം ചെയ്യുമ്പോൾ സുരക്ഷാ പരിശോധനാ നടപടികളിൽ ഏകദേശം 95 ശതമാനം കുറവുണ്ടാകും. ഇതിലൂടെ ചരക്കുനീക്കത്തിനുള്ള സമയം ഗണ്യമായി കുറയ്ക്കാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ തുടർവിമാനങ്ങളിലേക്ക് ചരക്കുകൾ കൈമാറാനും സാധിക്കും.

ട്രാൻസ്ഫർ ചരക്കുനീക്കം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് വിമാനത്താവളങ്ങൾക്കായി  ബി.സി.എ.എസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ നിർദേശങ്ങൾക്ക് അനുസൃതമായാണ് സിയാലിൽ  ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് സജ്ജീകരിച്ചിട്ടുള്ളത്.

ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയ പ്രവർത്തന സജ്ജമാക്കിയത് രാജ്യാന്തര ചരക്കുനീക്കത്തിൽ കൊച്ചിയുടെ പ്രാധാന്യം വർധിപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പാണെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. പരിശോധനകൾ ഒഴിവാക്കുന്നതിലൂടെ ചരക്കു നീക്കത്തിനുള്ള സമയവും ചെലവും കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.