കൊച്ചി മെട്രോ: ട്രാക്ക് റെയിലുകള്‍ യോജിപ്പിക്കല്‍ അടുത്ത ആഴ്ച
കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ വയഡക്ടുകള്‍ 70 ശതമാനം പൂര്‍ത്തിയായി. വയഡക്ടുകളില് ട്രാക്ക് നിര്‍മ്മാണത്തിനുള്ള റെയിലുകള്‍ കൂട്ടിയോജിപ്പിക്കല്‍ അടുത്ത ആഴ്ച്ച ആരംഭിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) മാനേജിംഗ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
റെയിലുകള്‍ യോജിപ്പിക്കുന്നിതിനായുള്ള യന്ത്രങ്ങൾ കൊച്ചിയില്‍ എത്തിച്ചു ടെസ്റ്റ് വെല്‍ഡിംഗ് കഴിഞ്ഞു. ഇതിന്റെ സാംപിള്‍ പരിശോധനയ്ക്കായി ആരക്കോണം സതേണ്‍ റെയില്‍വേ ലബോറട്ടറിയിലേക്ക് അയക്കും. പരിശോധനാഫലം അനുകൂലമാണെങ്കില്‍ അടുത്ത ആഴ്ച്ച റെയില്‍ വെൽഡിംഗ് ആരംഭിക്കാന്‍ കഴിയും.
നിലവില്‍ നിര്‍മ്മാണം നടക്കുന്ന രണ്ടാംഘട്ട പാതയുടെ ഇരുദിശകളിലേക്കും(രണ്ടു ലൈന്‍) 13 കിലോമീറ്റര്‍ ട്രാക്കിനുള്ള വയഡക്ട് പൂര്‍ത്തിയായിട്ടുണ്ട്. ബാലസ്റ്റ് ലെസ്സ് ട്രാക്കിന് ആവശ്യമായ 44 കിലോമീറ്റര്‍(2,700 മെട്രിക് ടണ്‍) റെയിലുകള്‍ നേരത്തെ എത്തിച്ചിരുന്നു. 18 മീറ്റര്‍ നീളത്തിലുള്ള റെയിലുകളാണു കൂട്ടിയോജിപ്പിക്കേണ്ടത്. രണ്ടാംഘട്ട പാതയ്ക്കായി ആകെ 2444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്.
കലൂര്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി സ്മാര്‍ട് സിറ്റി വരെ ഇതുവരെ 954 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. വയഡക്ടുകള്‍ക്ക് ഒപ്പം സ്റ്റേഷനുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. ചിറ്റേത്തുക്കര സ്റ്റേഷന്റെ ഇരുവശവും, കിന്‍ഫ്ര പാര്‍ക്ക് സ്റ്റേഷന്റെ ഇടതുവശം, വാഴക്കാല സ്റ്റേഷന്റെ വലതുവശം എന്നിവയുടെ സ്ട്രക്ച്ചറല്‍ ജോലികള്‍ കഴിഞ്ഞു.
മറ്റു സ്റ്റേഷനുകളിലേയും പുരോഗമിക്കുന്നു. സിഗ്നലിംഗ്, ടെലികോം, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍(എ.എഫ്.സി) തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. കടമക്കുടി നിര്‍മ്മാണം പൂര്‍ത്തിയാക്കി കോണ്ട്രാക്ടര് കൈമാറി. പാലിയംതുരുത്ത് ടെര്‍മിനല്‍ ഈ മാസം കൈമാറും. ഈ ടെര്‍മിനലുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. എറണാകുളം സുഭാഷ് പാര്‍ക്കിനു സമീപം നിര്‍മ്മാണം ആരംഭിച്ച പുതിയ വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെ പൈലിങ് ജോലികളും പുരോഗമിക്കുന്നു.
ഇടക്കൊച്ചി, വരാപ്പുഴ ടെര്‍മിനലുകള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. കലൂരിലെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍മാരായ ഡോ.എം.പി.രാം നവാസ്, സഞ്ജയ് കുമാര്‍, രവീന്ദ്ര കുമാര്‍ പഠക് തുടങ്ങിയവര്‍ പങ്കെടുത്തു.




















