കാസർകോട് ജില്ലയുടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്യും- മന്ത്രി
ബീച്ചും കായലും ഹിൽ സ്റ്റേഷനും സാഹസിക ടൂറിസവും ഫാം ടൂറിസവും ഉൾപ്പെടെ കാസർകോട് ജില്ലയുടെ സമഗ്ര ടൂറിസം സാധ്യതകൾ ചർച്ച ചെയ്യുന്നതിന് ആവശ്യമായ വേദിയൊരുക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. റാണിപുരം ഹിൽസ്റ്റേഷനിൽ ജില്ലാടൂറിസംപ്രമോഷൻ കൗൺസിലിൻ്റെ ടൂറിസം കോംപ്ലക്സ് ഗസ്റ്റ് ഹൗസിൻ്റെയും സൗന്ദര്യവൽക്കരണത്തിൻ്റേയും നവീകരണത്തിൻ്റെയും പൂർത്തീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
റാണിപുരത്ത് ചിൽഡ്രൻസ് പാർക്ക് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രപ്പോസൽ സമർപ്പിച്ചാൽ അടുത്ത വർക്കിംഗ് ഗ്രൂപ്പിൽ അംഗീകാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. കേരള ടൂറിസത്തിൻ്റെ മാർക്കറ്റിംഗ് ശ്യംഖലയിൽ കാസർകോട് ജില്ലയുടെ ടൂറിസം കേന്ദ്രങ്ങൾ കൂടി ഇടം പിടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.
വിനോദ സഞ്ചാരികളുടെ അഭിരുചികൾക്ക് അനുസൃതമായ ടൂറിസം സംരംഭങ്ങൾ ആരംഭിക്കണമെന്നും മന്ത്രിനിർദേശിച്ചു. റാണിപുരം മികച്ച ടൂറിസം കേന്ദ്രമാണ്. ഇത് ടൂറിസം മാർക്കറ്റിംഗിൽ സ്ഥാനം നേടിയാൽ വിദേശ വിനോദ സഞ്ചാരികൾ അടക്കം ഇവിടെ വരുമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിയെ നശിപ്പിക്കാതെ പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വിശിഷ്ടാതിഥിയായി പങ്കെടുത്തു.വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നസീബ് എം.എ. റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ,
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി.വി, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥൻ
പനത്തടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.ജെ. ജയിസ്
എന്നിവർ സന്നിഹിതരായി. ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർപേഴ്സണുമായ ശ്രീധന്യ സുരേഷ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി കെ.കെ. ജിജേഷ് കുമാർ നന്ദിയും പറഞ്ഞു




















