തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തി
ഇത്തവണ സാധാരണയെക്കാൾ മൂന്ന് ദിവസം വൈകി
തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ മൂന്ന് ദിവസം വൈകി ജൂൺ നാലിനാണ് കാലവർഷം എത്തിയത്.
ജൂൺ 4 മുതൽ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റടിക്കാനും സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മുഴുവനായും കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കർണാടക, തമിഴ്നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും കാലവർഷം എത്തി.
അടുത്ത 2-3 ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണ്ണമായും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങൾ,കർണാടകയുടെ കൂടുതൽ ഭാഗങ്ങൾ തമിഴ്നാടിന്റെ ബാക്കി ഭാഗങ്ങൾ ബംഗാൾ ഉൾക്കടലിന്റെ മധ്യ-വടക്കുകിഴക്കൻ മേഖലകൾ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത.




















