ദൃശ്യ വിസ്മയങ്ങളോടെ കലാനിലയത്തിൻ്റെ ‘രക്തരക്ഷസ്സ്‌’

പുതുമ നിറഞ്ഞ ദൃശ്യ വിന്യാസത്തിലും ആധുനിക സാങ്കേതിക വിദ്യയുടെ മികവിലും ആസ്വാദകരെ പിടിച്ചിരുത്തുകയാണ് ഏരിസ്-  കലാനിലയത്തിൻ്റെ രക്തരക്ഷസ്സ്‌ നാടകം. കോഴിക്കോട് ടാഗോർ ഹാളിന് സമീപം കോൺവെൻ്റ് റോഡരികിലെ ഗ്രൗണ്ടിലാണ് നാടകം അരങ്ങേറുന്നത്. എയർകണ്ടീഷൻ ചെയ്ത തീയേറ്ററിൽ സിനിമ കാണുന്നതുപോലെ നാടകം കണ്ടിരിക്കാം.

വലിയ സ്റ്റേജിൽ തലയ്ക്ക് മുകളിലൂടെ വൻ ശബ്‌ദത്തോടെ വിമാനം ലാൻ്റ് ചെയ്ത് യാത്രക്കാർ ഇറങ്ങുന്നതും ആളുകളെ കാറിൽ കൂട്ടി കൊണ്ടുപോകുന്നതുമൊക്കെ ദൃശ്യ വിസ്മയം തന്നെ. സ്റ്റേജിലേക്ക് വരുന്ന കാറുകളും കാറ്റും മഴയും കാട്ടിലെ കാഴ്ചകളും പൂന്തോട്ടങ്ങളും രക്ത രക്ഷസിൻ്റെ ബംഗ്ലാവുമൊക്കെ പ്രേക്ഷകരെ കോരിത്തരിപ്പിക്കും.

നിമിഷ നേരങ്ങൾക്കുള്ളിൽ സ്‌റ്റേജിലെ ദൃശ്യങ്ങൾ മാറി വരുന്നതും രംഗ സംവിധാനത്തിൻ്റെ ഭംഗിയും എടുത്തുപറയേണ്ടതാണ്. സ്ഥിരം കാണുന്ന ചിത്ര കർട്ടനുകളല്ലാതെ ത്രിമാന രൂപസംവിധാനമാണ് സ്റ്റേജിൽ.

1973ൽ കലാനിലയം കൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ്‌ തിരുവന്തപുരത്ത് രക്തരക്ഷസ്സ്‌ അരങ്ങേറിയത്‌. കൃഷ്ണൻ നായർ-ജഗതി എൻ.കെ. ആചാരി ടീമിൻ്റെ  നാടകം അമ്പത്തിമൂന്ന് വർഷം കഴിഞ്ഞപ്പോഴും അതേ രൂപത്തിൽ സാങ്കേതിക തികവോടെ ഇന്നും ആസ്വാദകരുടെ കൈയടി നേടുകയാണ്.

കൃഷ്ണൻ നായരുടെ മകൻ കലാനിലയം അനന്തപത്മനാഭനാണ് നാടകത്തിൻ്റെ ക്രിയേറ്റീവ് ഡയരക്ടർ. പഴയ നാടകത്തെ കാലത്തിനനുസരിച്ച് സാങ്കേതിക മേന്മയോടെയാണ് ഇപ്പോൾ സ്‌റ്റേജിൽ അവതരിപ്പിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞും. 7.1 സറൗണ്ട് സൗണ്ട് സിസ്റ്റത്തിലാണ് നാടകം അരങ്ങേറുന്നത്. റെക്കോഡ് ചെയ്ത ശബ്ദമല്ല, സ്‌റ്റേജിൽ നിന്നു തന്നെ കഥാപാത്രങ്ങൾ സംസാരിക്കുന്ന ശബ്‌ദമാണ് നമ്മൾ കേൾക്കുന്നത്. ഇത് നാടകത്തിൻ്റെ ഇടവേളയിൽ അനൗൺസ് ചെയ്ത് അറിയിക്കുന്നുണ്ട്.

ഏരീസ് കമ്പനിയുടെ സഹായത്തോടെയാണ് നാടകവും തീയേറ്ററും ആധുനികവൽക്കരിച്ചത്. നാടക രചയിതാവായ ജഗതി എൻ.കെ. ആചാരിയുടെ മകനായ നടൻ ജഗതി ശ്രീകുമാറിൻ്റെ പ്രോത്സാഹനവും സഹായവും ഇതിന് ഉണ്ടായിരുന്നു-അദ്ദേഹം പറഞ്ഞു. മെയ് 31 വരെയാണ് കോഴിക്കോട്ടെ പ്രദർശനം. 500,400,200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10 മുതൽ 5 വരെ ടിക്കററ്  റിസർവ്വ് ചെയ്യാം.  www.arieskalanilayam.com