പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും സിയാൽ കാർഗോയ്ക്ക് 10 ശതമാനം വളർച്ച

പശ്ചിമേഷ്യയിലെ  പ്രതിസന്ധികൾക്കിടയിലും  കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) കാർഗോ മേഖലയിൽ സുശക്തമായ വളർച്ച കൈവരിച്ചു. ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി സുഗമമാക്കാൻ ആവിഷ്കരിച്ച പദ്ധതികൾ ഫലം കണ്ടതോടെ 10 ശതമാനം വർധനയാണ് ഈ  സാമ്പത്തിക വർഷം സിയാൽ കൈവരിച്ചത്.

2025–26 സാമ്പത്തിക വർഷത്തിൽ സിയാൽ 72,178  മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു. ഇതിൽ 76 ശതമാനത്തോളം അന്താരാഷ്ട്ര കാർഗോയാണ്. മുൻവർഷത്തേക്കാൾ ഏകദേശം 10 ശതമാനം  വളർച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. ഇതോടെ കാർഗോ വിഭാഗത്തിൽ നിന്നുള്ള വരുമാനം 52.84 കോടി രൂപയായി ഉയർന്നു.

ആഗോള വ്യോമ ചരക്ക് മേഖല പ്രതിസന്ധി നേരിട്ട സമയത്തും കൈവരിച്ച ഈ വളർച്ച അന്താരാഷ്ട്ര-പ്രാദേശിക കാർഗോ ശൃംഖലകളിലെ സിയാലിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ്.

കാർഗോ ഗതാഗതവും ലോജിസ്റ്റിക്‌സ് ശൃംഖലയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സിയാൽ പ്രത്യേക ‘ഡെഡിക്കേറ്റഡ് ട്രക്കിംഗ് സെന്റർ’ ആരംഭിച്ചു. ദീർഘദൂര-ഹ്രസ്വദൂര കാർഗോ ട്രക്കുകൾക്കായി പ്രത്യേക പാർക്കിംഗ്, മൂവ്‌മെന്റ് ഏരിയകൾ, ഡ്രൈവർമാർക്കുള്ള സൗകര്യങ്ങൾ, വാഹന പാർക്കിംഗ് മേഖലകൾ എന്നിവയടങ്ങിയ ഈ കേന്ദ്രം ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കും.

ഈ വർഷം സിയാലിന്റെ കാർഗോ അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ മുന്നേറ്റമുണ്ടായി. എക്സ്പോർട്ട് കാർഗോ വെയർഹൗസ് വികസിപ്പിച്ചതോടെ വാർഷിക കാർഗോ കൈകാര്യം ശേഷി 1,25,000 മെട്രിക് ടൺ ആയി ഉയർന്നു. അത്യാധുനിക സ്ക്രീനിംഗ് സംവിധാനങ്ങൾ, കോൾഡ്-ചെയിൻ സൗകര്യങ്ങൾ, അപകടകാരികളായ ചരക്കുകൾക്കും റേഡിയോ ആക്റ്റീവ് വസ്തുക്കൾക്കും പ്രത്യേക ‘ഹാൻഡ്ലിങ് ’ മേഖലകൾ, ഉയർന്ന മൂല്യമുള്ള ചരക്കുകൾക്കായുള്ള സുരക്ഷിത സംഭരണ സൗകര്യങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

ഏകദേശം 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള കാർഗോ വെയർഹൗസ് സൗകര്യങ്ങളാണ് സിയാലിനുള്ളത്. കേരളത്തിലെ വ്യോമ ചരക്ക് ഗതാഗതത്തിന്റെ വലിയൊരു വിഹിതം സിയാലിലൂടെയാണ് നടക്കുന്നത്.

പശ്ചിമേഷ്യൻ പ്രതിസന്ധിക്കാലത്ത് സിയാൽ ശ്രദ്ധേയമായ  പ്രവർത്തന മികവാണ് കാഴ്ച വച്ചത്. 2026 മാർച്ച്–ഏപ്രിൽ മാസങ്ങളിൽ കൊച്ചി–ഗൾഫ് റൂട്ടുകളിൽ 11 നോൺ-ഷെഡ്യൂൾഡ് കാർഗോ ഫ്രൈറ്റർ സർവീസുകൾ സിയാൽ വിജയകരമായി കൈകാര്യം ചെയ്തു. പച്ചക്കറികൾ, പഴങ്ങൾ, വസ്ത്രങ്ങൾ, ഏലം ഉൾപ്പെടെയുള്ള കാർഷിക-വാണിജ്യ ഉൽപ്പന്നങ്ങൾ ഗൾഫ് വിപണികളിലേക്ക് എത്തിക്കുന്നതിൽ ഈ സർവീസുകൾ നിർണായകമായി.

പ്രത്യേക ചരക്ക് സർവീസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സിയാലിന്റെ കസ്റ്റമർ സർവീസസ് ആൻ്റ് കാർഗോ (സി.എസ്.സി) വിഭാഗം പ്രത്യേക റാപിഡ് റെസ്‌പോൺസ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഇത്തിഹാദ് എയർവേയ്സ്, നാഷണൽ എയർലൈൻസ്, സോലിറ്റ് എയർ ഏവിയേഷൻ സർവീസസ്, എസ്.എം.ബി പ്രൈവറ്റ് കാർഗോ ചാർട്ടേഴ്‌സ്, ഫ്ലൈ വായു, എമിറേറ്റ്സ്, കുവൈറ്റ് എയർവേയ്സ്, ഗൾഫ് എയർ, മാൽഡീവിയൻ, സൗദിയ, എയർ അറേബ്യ, ജസീറ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികളാണ് ഈ കാലയളവിൽ പ്രത്യേക കാർഗോ സർവീസുകൾ നടത്തിയത്.

അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ കാർഗോ മാനേജ്മെന്റ് സംവിധാനങ്ങൾ, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും ഇ-കൊമേഴ്‌സ് മേഖലക്കും കൂടുതൽ സുഗമമായ ചരക്ക് ഗതാഗത ശൃംഖല ഒരുക്കുകയാണ് ലക്ഷ്യം” – കാർഗോ പ്രവർത്തനങ്ങളിലെ വളർച്ചയെ കുറിച്ച് സംസാരിക്കവെ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

ഫാർമസ്യൂട്ടിക്കൽ കാർഗോ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സർട്ടിഫിക്കേഷൻ നേടുന്നതിനും താപനില നിയന്ത്രണം ആവശ്യമായതും അതിവേഗ കൈമാറ്റം നിർണായകവുമായ ചരക്കുകൾക്കായുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമായി സിയാൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.