സുരേഷ് മുതുകുളത്തിനും എ.സുരേഷിനും പുരസ്ക്കാരം

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് (ഇന്ത്യ) കേരള സ്‌റ്റേറ്റ് സെന്റർ ഏർപ്പെടുത്തിയ കാർഷികമാധ്യമ രംഗത്തെ മികവിനുള്ള 2025-26 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്‌ സുരേഷ് മുതുകുളം അർഹനായി. ഫാം ഇൻഫർമേഷൻ ബ്യൂറോ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കൃഷി ജോയിന്റ് ഡയറക്റ്ററുമാണ്‌
സുരേഷ് മുതുകുളം. മികച്ച അഗ്രി എഞ്ചിനിയറിംഗ് മാനേജ്മെൻ്റ്  കൺസൽട്ടൻ്റിനുള്ള പുരസ്ക്കാരം എ.സുരേഷിനും ലഭിച്ചു.

1978 മുതൽ കാർഷിക മാധ്യമ രംഗത്ത്  പ്രവർത്തിച്ചു വരുന്ന സുരേഷ് മുതുകുളം കൃഷി ശാസ്ത്രത്തിലും അനുബന്ധ മേഖലകളിലുമായി അയ്യായിരത്തിലധികം ലേഖനങ്ങളും ഫീച്ചറുകളും തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറോളം ശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. സംസ്ഥാന സർക്കാർ ഏറ്റവും മികച്ച കാർഷിക മാധ്യമ പ്രവർത്തകന് നൽകുന്ന ‘കർഷകഭാരതി’ ഉൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി ടി.വി- റേഡിയോ ഡോക്കുമെന്ററികൾക്ക് വേണ്ടി സ്ക്രിപ്റ്റ് തയാറാക്കിയിട്ടുമുണ്ട്.

എ.സുരേഷ് കാർഷിക സർവ്വകലാശാലയുടെ കീഴിലെ തവനൂർ കാർഷിക എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് 1997 ൽ ബിടെക് അഗ്രി എഞ്ചിനിയറിംഗിൽ ബിരുദ നേടി തുടർന്ന് ഹോണ്ട പവർ പ്രോഡക്ടില്‍
ജോലി ചെയ്തു. 2004 ൽ കോയമ്പത്തൂർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെൻ്റിൽ നിന്ന് എം.ബി.എ പൂർത്തിയാക്കി. തുടർന്ന് ടെലികോം മേഖലയിൽ എട്ട് വർഷത്തോളം ജോലി ചെയ്തു.

2011ൽ സ്വന്തമായി അഗ്രി എഞ്ചിനിയറിംഗ് ബിസിനസ്സ് സംരംഭം നടത്തിയിരുന്നു. 2014 മുതൽ കൊല്ലം അമൃതപുരിയിലെ  അമൃത വിശ്വവിദ്യാലയത്തിന് കീഴിലെ അമൃത സ്കൂൾ ഓഫ് ബിസിനസ്സിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്തുവരുന്നു. നബാർഡിൻ്റെ അഗ്രി ബിസിനസ്സ് സംരംഭകർക്ക് വേണ്ടിയുള്ള പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.  കാർഷിക എഞ്ചിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട പല പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.