വാട്ടർ മെട്രോ രാജ്യവ്യാപകമാക്കാൻ കെ.എം.ആർ.എൽ സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്  രാജ്യത്തെ വിവിധ നഗരങ്ങളിൽ വാട്ടർ മെട്രോ മാതൃക നടപ്പാക്കാനുള്ള സമഗ്ര സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ മാതൃക വ്യാപിപ്പിക്കാനുള്ള നടപടികൾ ഇതോടെ കൂടുതൽ ശക്തമായി.

പരിസ്ഥിതി സൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള ജലഗതാഗത സംവിധാനമായി ലോകത്തിന്റെ ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ, ഇന്ത്യയിലെ നഗര ഗതാഗത ചരിത്രത്തിൽ പുതിയ മാതൃക സൃഷ്ടിച്ചതോടെയാണ് കേന്ദ്ര സർക്കാർ രാജ്യവ്യാപകമായ സാധ്യതകൾ പരിശോധിക്കാൻ കെ.എം.ആർ.എലിനെ ചുമതലപ്പെടുത്തിയത്.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം കഴിഞ്ഞ നവംബറിലാണ് രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനം നടത്താൻ കെ.എം.ആർ.എലിനെ ചുമതലപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായി കൊച്ചിയിൽ വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയ അനുഭവ സമ്പത്ത് കൊച്ചി മെട്രോയ്ക്ക് ഇക്കാര്യത്തിൽ കരുത്തായി

കൊച്ചി മാതൃകയ്ക്ക് ദേശീയ തലത്തിൽ ലഭിക്കുന്ന അംഗീകാരമാണ് ഈ സാധ്യത പഠനം വ്യക്തമാക്കുന്നതെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു,

11 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും പഠനം

ഇന്ത്യയിലെ 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 18 കേന്ദ്രങ്ങളിലാണ് വാട്ടർ മെട്രോ സാധ്യത പഠനം നടത്തിയത്. ശ്രീനഗർ, ഗോഹാത്തി, തേജ്പൂർ, ദിബ്രുഗഡ്, പാറ്റ്ന, വാരണാസി, അയോധ്യ, പ്രയാഗ് രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം, കൊല്ലം, ആലപ്പുഴ, ആന്തമാൻ എന്നിവിടങ്ങളിൽ പഠനം പൂർത്തിയായി.

ലക്ഷദ്വീപും കൊൽക്കത്തയും ഉൾപ്പെടെയുള്ള രണ്ട് കേന്ദ്രങ്ങളിലെ പഠനം പുരോഗമിക്കുകയാണ്. കനാൽ, നദി, കായൽ, കടൽ, പോർട്ട് വാട്ടർ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ജലമേഖലകളിൽ നഗര ഗതാഗതത്തിനായി വാട്ടർ മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകൾ വിലയിരുത്തുന്നതായിരുന്നു ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.

എട്ട് കോടി രൂപയുടെ കൺസൾട്ടൻസി വരുമാനം

നിലവിലുള്ള മനുഷ്യവിഭവശേഷി ഉപയോഗിച്ചും മറ്റ് പദ്ധതികളുടെ നിർവഹണത്തിന് തടസം വരുത്താതെയും ഈ കൺസൾട്ടൻസി സേവനത്തിലൂടെ എട്ട് കോടി രൂപയുടെ വരുമാനമാണ് കെ.എം.ആർ.എൽ നേടിയത്.