ടി.എം.നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം. നാരായണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. 49 അപേക്ഷകരിൽ നിന്ന് കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 35 പേരെ നറുക്കിട്ടെടുത്തതിൽ നിന്നാണ് ടി.എം. നാരായണൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയോഗം ലഭിച്ചത്.
നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. പുതിയ മേൽശാന്തി മാർച്ച് 31ന് രാത്രി സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിയമനം.
ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട നാരായണൻ നമ്പൂതിരി പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ്.




















