ചെറുതോണിയില്‍ നിന്ന് കെ.എസ്.ആർ.ടി.സിയുടെ 12പുതിയ സര്‍വീസുകള്‍

പത്തു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേതെന്നും ഇതിന്റെ വിജയകരമായ നടത്തിപ്പ് ഇടുക്കി ജില്ലയുടെ വികസനത്തിന്  മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന കെഎസ്ആര്‍ടിസി ഫോർബേ ഗ്യാരേജിന്റെ നിര്‍മ്മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ ഏഴാമത്തേതും സംസ്ഥാനത്തെ 94-ാമത്തെയും ബസ് ഓപ്പറേറ്റിംഗ് സെന്ററാണിത്. 10 വര്‍ഷമായി ഓപ്പറേറ്റിംഗ് സെന്ററുകള്‍ അടയ്ക്കുകയാണ് ചെയ്തത്. പല ഓപ്പറേറ്റിംഗ് സെന്ററുകളും വലിയ നഷ്ടത്തിലായി. അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ബന്ധപ്രകാരം ചെറുതോണിയില്‍ പുതിയ ബസ് സ്റ്റേഷന്‍ തുടങ്ങുന്നത്.

ജില്ലയുടെ ആസ്ഥാനത്തു നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പര്‍ ഡീലക്‌സ് ബസുകള്‍, സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ അങ്ങനെ വിവിധ ശ്രേണിയില്‍ പെട്ട ബസുകള്‍ ആരംഭിക്കുന്നു.12 സര്‍വീസുകളാണ് ഇവിടെ നിന്ന് ആരംഭിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ വിവിധ ശ്രേണിയിലെ ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തും. -ഗണേഷ് കുമാര്‍ പറഞ്ഞു

ചെറുതോണിയില്‍ നടന്ന യോഗത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ആരംഭിക്കുന്ന പുതിയ സര്‍വീസുകള്‍ നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് മന്ത്രി പറഞ്ഞു.

കുമളി- കോയമ്പത്തൂര്‍ (സൂപ്പര്‍ ഡീലക്സ്), കുമളി-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്), കട്ടപ്പന-തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്), കട്ടപ്പന-പുല്‍പ്പള്ളി (സൂപ്പര്‍ഫാസ്റ്റ് പ്രീമിയം) എന്നീ സര്‍വീസുകളും ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണന്‍, നൗഷാദ് ടി.ഇ, അമ്മിണി ജോസ്, പ്രഭ തങ്കച്ചന്‍, സിജി ചാക്കോ, രാജു ജോസഫ്, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പി.എസ്.പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.