അഗ്രോപാർക്കിലൂടെ കർഷകരെ സംരംഭകരാക്കി ഉയർത്തും- മന്ത്രി പി.പ്രസാദ്

വയലിലും കൃഷിയിലും മാത്രം ഒതുങ്ങിനിൽക്കുന്ന കർഷകരെ സംരംഭകരായി ഉയർത്തുകയാണ് വെജിറ്റബിൾ അഗ്രോപാർക്ക് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല വെജിറ്റബിൾ അഗ്രോപാർക്ക് ശിലാസ്ഥാപനം തിരുവിഴ ജംഗ്ഷന് സമീപം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിയെ കേവലമൊരു തൊഴിലെന്നതിലുപരി വരുംതലമുറയ്ക്ക് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന മികച്ച കരിയർ ഒപ്ഷനായി മാറ്റുമെന്നും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ദീർഘകാല നിക്ഷേപമായാണ് അഗ്രോ പാർക്കിനെ വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉൽപ്പന്നങ്ങളുടെ ശാസ്ത്രീയമായ ശേഖരണം, ഗ്രേഡിംഗ്, പാക്കിംഗ് എന്നിവയ്‌ക്കൊപ്പം നേരിട്ടുള്ള വിപണന സാധ്യതകളും പാർക്കിൽ ഒരുക്കും. നൂറോളം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നതിനൊപ്പം കർഷകരുടെ അധ്വാനം കൃത്യമായ ലാഭമായി മാറുന്നുണ്ടെന്ന് പദ്ധതിയിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.  പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി.

കൃഷി വകുപ്പ് 50 കോടി രൂപ ചെലവിലാണ് ചേർത്തല വെജിറ്റബിൾ അഗ്രോപാർക്ക് നിർമ്മിക്കുന്നത്. കേരള അഗ്രോ ബിസിനസ് കമ്പനിയാണ് (കാബ്കോ) പാർക്കിൻ്റെ നിർവഹണ ഏജൻസി. ചേർത്തല തിരുവിഴയിൽ എൻ.എച്ച് 66 നോട് ചേർന്നുള്ള ഭൂമിയിലാണ് മൂന്ന് നിലകളിലായി 69,512 ചതുരശ്ര അടി വിസ്തൃതിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാർക്ക് നിർമ്മിക്കുന്നത്.

കോൾഡ് സ്റ്റോറേജ്, കാർഷിക മൂല്യവർദ്ധന വിഭാഗം, കയറ്റുമതി ലക്ഷ്യമിട്ടുള്ള പാക്ക് ഹൗസ്, കമ്പ്യൂട്ടറൈസ്ഡ് സ്റ്റാക്കിംഗ് – പാക്കിംഗ് സംവിധാനങ്ങൾ എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ അഗ്രോ പാർക്കിന്റെ ഭാഗമായുണ്ടാകും.