സിയാൽ ഹൈഡ്രജൻ ബസ്സുകൾ നിരത്തിലിറക്കുന്നു

യാത്രക്കാർക്കായി ഹൈഡ്രജൻ ബസ്സുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ സിയാൽ. ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും ധാരണാപത്രം  ഒപ്പുവെച്ചു.

സിയാലിലെ 0484 എയ്റോ ലോഞ്ചിൽ നടന്ന ചടങ്ങിൽ കേരള ഹൈഡ്രജൻ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും സിയാൽ ഡയറക്ടറും വ്യവസായ മന്ത്രിയുമായ അഡ്വ. പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്.

കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷനിന്റെ പിന്തുണയോടെ കൊച്ചി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസ്സുകൾ  കൊണ്ടുവരുന്നതാണ് പദ്ധതി. ബസ്സുകൾ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം മൊത്തം 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള ഫൗണ്ടേഷൻ നൽകും.

ഒരു വർഷത്തിനകം ബസ്സുകൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസ്സുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവും മറ്റ്  ചെലവുകളും സിയാൽ വഹിക്കും. പ്രവർത്തന മാതൃകയും റൂട്ടുകളും സിയാൽ തീരുമാനിക്കും.

സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്,  ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹർഷിൽ ആർ. മീന, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിലെ സീനിയർ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ.രഞ്ജിത് കൃഷ്ണ പൈ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ശക്തിപ്പെടുകയും ചെയ്യും. സിയാലും ബി.പി.സി.എല്ലും ചേർന്ന് നിർമാണം പൂർത്തിയാക്കിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ബസ്സുകൾക്ക് ആവശ്യമായ ഇന്ധന വിതരണം സാധ്യമാകും.