വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തണം – മുഖ്യമന്ത്രി 

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല  യാഥാർഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നിയമസഭാ ശങ്കരനാരായണൻ  തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യകാലത്ത് ദാരിദ്ര്യവും കഷ്ടപ്പാടും മൂലം നാടുവിട്ട മലയാളികൾ കഠിനമായ ശാരീരിക അധ്വാനം വേണ്ടി വരുന്ന ജോലികളിൽ ഏർപെട്ടിട്ടാണ് പ്രവാസ ജീവിതം കെട്ടിപ്പടുത്തത്. എന്നാൽ 1957ലെ ഇ.എം.എസ് സർക്കാരിന്റെ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകളും കേരളത്തിന്റെ ഗതി മാറ്റി.

സ്‌കൂളുകളുടെ എണ്ണം വർദ്ധിച്ചതും വിദ്യാഭ്യാസം സാർവത്രികമായതും മലയാളിയെ ലോകനിലവാരമുള്ള പ്രൊഫഷണലുകളാക്കി മാറ്റി. ഇന്ന് ലോകത്തെവിടെയും മലയാളി സാന്നിധ്യമുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും ശാസ്ത്രജ്ഞരുമായി പ്രവാസി മലയാളികളുടെ ലോകം വികസിച്ചു.

സംസ്ഥാന ബജറ്റിൽ ഡിഗ്രി വിദ്യാഭ്യാസം  സൗജന്യമാക്കിയതും മുഖ്യമന്ത്രി പരാമർശിച്ചു. വിദേശത്ത് ഗവേഷണത്തിനും ജോലിക്കുമായി പോയവരുടെ സഹായം തേടി, അവരുടെ വൈദഗ്ധ്യം ആഭ്യന്തര ഉൽപ്പാദന മേഖലയിൽ വിനിയോഗിക്കുന്ന ചൈനയുടെ പദ്ധതി ലോകപ്രശസ്തമാണ്. ഇതിന് സമാനമായ നിർദ്ദേശങ്ങൾ ലോക കേരള സഭയിൽ ഉയർന്നുവന്നിട്ടുണ്ടെന്നും ഭാവിയിൽ കേരളത്തിലും  ഇത്തരം പ്രവാസി പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.