സൂക്ഷ്മജലസേചന പദ്ധതിയിൽ കർഷകർക്ക് ധനസഹായം
മാറുന്ന കാലാവസ്ഥയും വരൾച്ചയും കേരളത്തിലെ കർഷകർക്ക് വെല്ലുവിളിയാകുമ്പോൾ, ജലസംരക്ഷണത്തിലൂടെ കാർഷിക മേഖലയെ സുരക്ഷിതമാക്കാൻ 100 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്.
‘പെർ ഡ്രോപ്പ് മോർ ക്രോപ്പ് ‘ അഥവാ ഓരോ തുള്ളി ജലത്തിൽ നിന്നും കൂടുതൽ വിളവ് എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സൂക്ഷ്മജലസേചന പദ്ധതി കർഷകർക്ക് പുതു പ്രതീക്ഷയേകുകയാണ്. അപ്രതീക്ഷിതമായ അതിശക്തമായ മഴയും നീണ്ടുനിൽക്കുന്ന വരൾച്ചയും കേരളത്തിന്റെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സൂക്ഷ്മജലസേചനം പ്രോത്സാഹിപ്പിക്കുന്നത്. ചെടിയുടെ വേരുപടലത്തിലേക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം എത്തിക്കുന്ന ഡ്രിപ്പ്, സ്പ്രിംഗ്ലർ രീതികൾ ഇതിലൂടെ വ്യാപകമാക്കും.
ഈ രീതിയിലൂടെ പരമ്പരാഗത രീതികളെ അപേക്ഷിച്ച് 40 മുതൽ 70 ശതമാനം വരെ വെള്ളം ലാഭിക്കാം. വെള്ളത്തോടൊപ്പം വളം ചേർത്ത് നൽകുന്നതിലൂടെ വളത്തിന്റെ ഉപയോഗക്ഷമത 80 ശതമാനം വരെ വർദ്ധിപ്പിക്കാനും വളച്ചെലവ് കുറയ്ക്കാനും സാധിക്കും. തെങ്ങ്, കമുക്, വാഴ, മാവ്, കുരുമുളക്, ഏലം, പച്ചക്കറികൾ എന്നിവയ്ക്കും, അടുത്തടുത്ത് കൃഷി ചെയ്യുന്ന നെല്ല്, പയർ വർഗ്ഗങ്ങൾ എന്നിവയ്ക്കും ഈ സംവിധാനം മികച്ചതാണ്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ദൂരെയിരുന്ന് ജലസേചനം നിയന്ത്രിക്കാനുള്ള ഓട്ടോമേഷൻ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. ഓട്ടോമേഷൻ സംവിധാനം സ്ഥാപിക്കുന്നതിന് ഹെക്ടറിന് 40,000 രൂപ വരെ ധനസഹായം ലഭിക്കും.




















