സംസ്ഥാനതല രജിസ്‌ട്രേഷൻ ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  

അഴിമതിക്ക് എതിരായ നിലപാട് നാടിന്റെ സുതാര്യതയ്ക്ക്
ഒഴിച്ചുകൂടാൻ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന്റെ പ്രഥമ രജിസ്ട്രേഷൻ ദിനാചരണം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ സംസ്ഥാനത്തെ അഴിമതികളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിച്ചാൽ  ഒരു ദശാബ്ദ കാലമായി അഴിമതി വലിയ തോതിലാണ് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ ഏറ്റവും പ്രധാനം എല്ലാവർക്കും അവരവരുടെ ചുമതലയുടെ ഭാഗമായി നിർവ്വഹിക്കേണ്ട കാര്യങ്ങൾ മറ്റേതെങ്കിലും തരത്തിലുള്ള ദുഃസ്വാധീനത്തിന്റെ ഭാഗമായി നേടാൻ കഴിയില്ല എന്നുള്ളത് തന്നെയാണ്.

പഴയ കാലത്ത് എല്ലാവർക്കും അറിയാവുന്ന ഒരു യാഥാർഥ്യമുണ്ടായിരുന്നു. ചില തസ്തികകളിൽ നിയമനം കിട്ടുന്നതിന് ഉദ്യോഗസ്ഥർ അതിന്റെ ഭാഗമായി നിയമനം നൽകാൻ പറ്റുന്നവർക്ക് പണം കൊടുക്കുന്ന രീതി ഉണ്ടായിരുന്നു. വ്യാപകമായ അഴിമതി പല മേഖലകളിൽ നിലനിന്നിരുന്നു.

രജിസ്‌ട്രേഷൻ വകുപ്പ് മാത്രമല്ല കേരളത്തിലെ ഇന്നത്തെ എല്ലാ ഓഫീസുകളും പരിശോധിച്ചാൽ ഏതെങ്കിലും ഒരിടത്ത് നിയമനം കിട്ടുന്നതിന് വേണ്ടി ആർക്കെങ്കിലും കൈക്കൂലി കൊടുക്കേണ്ടി വരിക എന്ന ഒരു ദുരനുഭവം  കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളത്തിൽ നിലനിൽക്കുന്നില്ല. അത് ഏറ്റവും വലിയ ഒരു പ്രത്യേകത തന്നെയാണ്-മുഖ്യമന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.ബ്രിട്ടീഷ് ഇന്ത്യയിലെ തന്നെ ആദ്യ സബ് രജിസ്ട്രാർ ഓഫീസ് 1865ൽ കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് സ്ഥാപിതമായത്. ആദ്യത്തെ രജിസ്ട്രേഷൻ നടന്നത് 1867 ജനുവരി നാലിനായിരുന്നു.

ഇത് പരിഗണിച്ചാണ് എല്ലാ വർഷവും ജനുവരി നാലിന് രജിസ്ട്രേഷൻ ദിനമായി ആചരിക്കാനും രജിസ്ട്രേഷൻ വകുപ്പിലെ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഓഫീസുകൾക്ക് അവാർഡ് നൽകാനും സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് രജിസ്ട്രേഷൻ വകുപ്പിന്റെ ചരിത്രത്തിലെ ആദ്യ രജിസ്ട്രേഷൻ അഞ്ചരക്കണ്ടിയിൽ സംഘടിപ്പിച്ചത്.

2024-2025 സാമ്പത്തിക വർഷത്തിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി ‘രജിസ്‌ട്രേഷൻ അവാർഡ് 2025’ നേടിയ ഓഫീസുകൾക്കുള്ള അവാർഡ് വിതരണം മുഖ്യമന്ത്രി നിർവഹിച്ചു. രാജ്യസഭാ എം.പി ഡോ. വി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായി.
രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ കെ. മീര, നികുതി വകുപ്പ് അഡീഷനൽ സെക്രട്ടറി എം.വി. പ്രമോദ്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ. സീന എന്നിവർ സംസാരിച്ചു.