കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിൽ 159 പുതിയ തസ്തികകൾ

കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിൽ 159 തസ്തികകൾ. പുതുതായി തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെയാണിത്.

കാൻസർ സെൻ്റർ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. ആശുപത്രി വിപുലീകരണത്തിൻ്റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

100 ബെഡുകളുമായാണ് കാൻസർ സെൻ്ററിൻ്റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതിനാവശ്യമായ മുഴുവൻ തസ്തികകളും സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. എട്ട് പ്രൊഫസർ തസ്തികകളും 28 അസി. പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്സിംഗ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർ വരെ18 വിഭാഗങ്ങളിലാണ് നോൺ അക്കാദമിക് തസ്തികകളുള്ളത്.

91 സ്ഥിരം തസ്തികകളിലാണ് സ്ഥിരനിയമനം. ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താൽക്കാലിക തസ്തികകളും സൃഷ്ടിച്ചു. മറ്റ് കാൻസർ സെൻ്ററുകളായ റീജിയണൽ കാൻസർ സെൻ്റർ, മലബാർ കാൻസർ സെൻ്റർ എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയിലാണ് കൊച്ചി കാൻസർ സെൻ്ററിലും തസ്തിക നിർണ്ണയം നടത്തിയതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.