നിശാഗന്ധിയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം  

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സിനിമാ പ്രേമികളെ സാക്ഷിയാക്കി മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം.

സാംസ്കാരിക മന്ത്രി സജി ചെറിയാൻ  ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയായി സംസാരിച്ചു.

പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം.അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ.ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്  കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സംവിധായകൻ ഷാജി എൻ കരുണിനെക്കുറിച്ചുള്ള പുസ്തകം ‘കരുണയുടെ ക്യാമറ’ സാംസ്കാരിക മന്ത്രി അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര മേളയുടെ കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് നൽകി നൽകി പ്രകാശിപ്പിച്ചു.

ഡെയിലി ബുള്ളറ്റിൻ  സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ ബീന പോളിന് കൈമാറി പ്രകാശനം ചെയ്തു. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥിനെ സാംസ്കാരിക മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. രാജീവ് നാഥ്നെക്കുറിച്ച് അക്കാദമി തയ്യാറാക്കിയ ‘തണൽ’ പുസ്തകം സംവിധായകൻ ടി.കെ.രാജീവ്‌ കുമാർ കെ.മധുവിന് നൽകി പ്രകാശനം ചെയ്തു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് സ്വാഗതവും ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ നന്ദിയും പറഞ്ഞു.
ഉദ്ഘാടനശേഷം പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും കഥ പറയുന്ന  ആൻ മേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു.