ന്യൂനമർദ്ദം: കേരളത്തിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ  ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും സമീപമുള്ള  ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി  ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്–പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യത.

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം സെൻയാർ  ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു. വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്ത് മുകളിൽ സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 27ന് രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിർത്തി തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞ് കിഴക്കോട്ട് സഞ്ചരിക്കാനാണ് സാധ്യത.