വിവരങ്ങള്‍ നല്‍കാൻ 30 ദിവസം വരെ കാത്തിരിക്കേണ്ടതില്ല- വിവരാവകാശ കമ്മീഷണർ

നിയമം അനുശാസിക്കുന്ന സമയ പരിധിക്കുള്ളിൽ അപേക്ഷകന് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ.രാമകൃഷ്‌ണൻ പറഞ്ഞു.

വിവരങ്ങൾ നല്‍കാനായി 30 ദിവസം വരെ കാത്തിരിക്കേണ്ടതില്ല. കഴിയാവുന്ന വേഗത്തില്‍ വിവരങ്ങള്‍ നല്‍കണമെന്നും പരമാവധി 30 ദിവസമെടുക്കാമെന്നുമാണ് നിയമം അനുശാസിക്കുന്നത്. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസ് ഹാളിൽ നടന്ന വിവരവകാശ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുതാര്യവും ഉത്തരവാദിത്വവുമുള്ള ഭരണം ഉറപ്പാക്കാനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് വിവരാവകാശ നിയമം.നിശ്ചിത സമയ പരിധിക്കുള്ളിൽ വിവരം നൽകാതിരിക്കുകയോ വ്യക്തമായ  വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്താൽ അത് വിവരം നിഷേധിച്ചതായി കണക്കാക്കുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

ജനങ്ങളുടെ പരാതികൾ ഉദ്യോഗസ്ഥർ വേഗത്തിൽ തീർപ്പാക്കിയാൽ വിവരാവകാശ അപേക്ഷകൾ കുറയും. തങ്ങളുടെ  ആവശ്യങ്ങളിൽ  കൈകൊണ്ട നടപടികൾ അറിയാനാണ് ജനങ്ങളിൽ പലരും വിവരാവകാശ അപേക്ഷകൾ സമർപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ കൂടുതൽ ഗൗരവത്തോടെയും കാര്യക്ഷമതയോടെയും വിവരാവകാശം സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. പരിഗണിച്ച ഹർജികളിൽ 14 എണ്ണം തീർപ്പാക്കി.