ചെമ്പൈ സമഭാവനയുടെ സാമ്രാട്ട് – കെ.ജയകുമാർ
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.സംഗീത സെമിനാർ, സംഗീതജ്ഞർക്കുള്ള ആദരം,സമാപന സമ്മേളനം,സംഗീത കച്ചേരി എന്നീ പരിപാടികളോടെയായിരുന്നു സമാപനം.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവും നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.
ഈശ്വരന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന സത്യം മനസിലാക്കിയ സംഗീതജ്ഞനായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് അദ്ദേഹം അനുസ്മരിച്ചു. സമഭാവനയുടെസാമ്രാട്ടായിരുന്നു ചെമ്പൈ സ്വാമികൾ. സംഗീതമെന്നത് ഭക്തിയുടെ വലിയൊരു ആവിഷ്ക്കാരമാണ്.
ചെമ്പൈ തുടങ്ങിയ സംഗീതാരാധനയുടെ തുടർച്ച ചെമ്പൈ സംഗീതോത്സവത്തിലൂടെ മുന്നോട്ട് കൊണ്ടു പോകുന്ന ഗുരുവായൂർ ദേവസ്വം ഏറെ അഭിനന്ദനം അർഹിക്കുന്നു. ഭക്തിയുടെ അടരുകളെ അറിയുന്ന ഭരണ സമിതിയാണ് ഗുരുവായൂരിലേതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഗായകൻ വി.ടി.മുരളി ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, വിദ്യാധരൻ മാസ്റ്റർ, എൻ.ഹരി, ആനയടി പ്രസാദ്, ചെമ്പൈ സുരേഷ്, ഗുരുവായൂർ മണികണ്ഠൻ, എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ നന്ദിയും പറഞ്ഞു.
മുതിർന്ന കലാകാരൻമാരായ ഡോ.മാലിനി ഹരിഹരൻ (വോക്കൽ ), ഗുരുവായൂർ മുരളി (നാഗദസ്വരം), ഗുരുവായൂർ നാരായണൻ (വയലിൻ), ഡോ.കെ.ജയകൃഷ്ണൻ (മൃദംഗം) എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സംഗീതജ്ഞരെ പൊന്നാടയണിയിച്ചു. നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു. സമാപന സമ്മേളനത്തിന് ശേഷം അഭിഷേക് രഘുറാം സംഗീത കച്ചേരി അവതരിപ്പിച്ചു. എൽ.രാമകൃഷ്ണൻ (വയലിൻ), പത്രി സതീഷ് കുമാർ (മൃദംഗം), ജി.ഗുരുപ്രസന്ന (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കി.
.




















