മുകേഷ് അംബാനി ഗുരുവായൂരിൽ; ആശുപത്രി നിർമ്മിക്കാൻ 15 കോടി കൈമാറി 

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി.

ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു.

തുടർന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. 25 പേർക്കായി ശ്രീകോവിൽനെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ്  അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി
ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു. സോപാനപടിയിൽ കാണിക്കയുമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദവും വാങ്ങി.

തുടർന്ന് ഉപദേവൻരെയും തൊഴുത് പ്രാർത്ഥിച്ചു കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി. ദേവസ്വത്തിൻ്റെ ഉപഹാരമായി ചുവർചിത്രവും സമ്മാനിച്ചു.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് എന്നിവർ ദേവസ്വത്തിൻ്റെ നിർദ്ദിഷ്ട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാൻ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും മുകേഷ് അംബാനിക്ക് സമർപ്പിച്ചു.  ആശുപത്രി നിർമ്മാണത്തിനായി പതിനഞ്ച് കോടിയുടെ ചെക്ക്  അദ്ദേഹം കൈമാറി.

ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാര വന്യ ജീവി പരിപാലന കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.