കോട്ടൂർ സ്മാർട്ട് കൃഷിഭവൻ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി കർഷകരുടെ വരുമാന മാർഗ്ഗം വർദ്ധിപ്പിക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ  കൃഷിയിടങ്ങൾ സന്ദർശിക്കണമെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കോഴിക്കോട് കോട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്മാർട്ട് കൃഷിഭവനായി ഉയർത്തിയതിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കൃഷിഭവനുകൾ സ്മാർട്ടാകുന്നതിനൊപ്പം കർഷകരുടെ ആവശ്യങ്ങൾ കാലതാമസമില്ലാതെ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്കാകണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോട്ടൂർ കൃഷിഭവന്റെ കെട്ടിടം നിർമ്മിച്ചത്.  ‘ഉയരെ കോട്ടൂർ’ സാംസ്‌കാരിക കലാമേളയുടെയും കേര ഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മുതിർന്ന കർഷകൻ ബാലകൃഷ്‌ണൻ നായർ കരുവള്ളൂമ്മേലിനെ ചടങ്ങിൽ ആദരിച്ചു.

കെ.എം.സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത, വൈസ് പ്രസിഡൻ്റ് ടി.എം. ശശി, കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ്, സെക്രട്ടറി പി.എൻ. നിഖിൽ, വൈസ് പ്രസിഡൻറ് വിലാസിനി പൊയിലിൽ, അസിസ്റ്റൻറ് എൻജിനീയർ കെ.സി. സുധീർനാഥ്, കോട്ടൂർ കൃഷി ഓഫീസർ മറിയുമ്മ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.പി. അബ്ദുൽ മജീദ്  തുടങ്ങിയവർ പങ്കെടുത്തു.