വാട്ടർ മെട്രോ കൊച്ചിയുടെ മുഖച്ഛായ മാറ്റി- മുഖ്യമന്ത്രി
മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടർ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതിൽ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻ്റ് വാട്ടർ മെട്രോ ടെർമിനലുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണ്ണായക ചുവടുവെപ്പാണ് വാട്ടർ മെട്രോ. യാത്രാ സംവിധാനങ്ങൾ ഒരുക്കുക എന്നതിനൊപ്പം ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന വൈവിധ്യപൂർണമായ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുകയാണ്. കൊച്ചി നഗരത്തിനും പശ്ചിമ കൊച്ചിയിലെ പ്രദേശങ്ങൾക്കും ഇടയിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഇത് ഉപകരിക്കും. നഗരത്തിൻ്റെയും ഇവിടുത്തെ ജനങ്ങളുടെയും ജീവിത നിലവാരം കാര്യമായി ഉയർത്താനും കഴിയും.
മേഖലയുടെ പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ നൽകാൻ പോകുന്നത് വലിയ സംഭാവനകളാണ്. ഇത് വിനോദ സഞ്ചാര മേഖലക്കും വലിയ ഉണർവ് നൽകും. നഗരത്തിലെ ജനങ്ങൾക്കും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികൾക്കും ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മട്ടാഞ്ചേരി വാട്ടർ മെട്രോ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായി. ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ ഇൻ്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ടിംഗ് സംവിധാനമാണ് കൊച്ചി വാട്ടർ മെട്രോ എന്ന് അദ്ദേഹം പറഞ്ഞു.
പൂർണമായും വെള്ളത്തിൽ നിർമ്മിച്ച മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ നിർമ്മാണം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബഹ്റ പറഞ്ഞു. എന്നാൽ എൻജിനീയറിങ് വെല്ലുവിളികൾ, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അതിജീവിക്കാൻ കഴിഞ്ഞു. വാട്ടർ മെട്രോ യാഥാർത്ഥ്യമായതോടെ ഉദ്യോഗസ്ഥർക്കും സഞ്ചാരികൾക്കുല്ലാം ഗതാഗതക്കുരുക്കിൽ വലയാതെ തന്നെ വേഗത്തിൽ വെല്ലിങ്ടൺ ഐലൻ്റിലേക്ക് എത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, കെ.ജെ. മാക്സി എം.എൽ.എ, ടി.ജെ വിനോദ് എം.എൽ.എ, സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ഡെപ്യൂട്ടി മേയർ കെ.എ അൻസിയ, കോർപ്പറേഷൻ കൗൺസിലർ ടി. പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്ട്) ഡോ. എം.പി രാം നവാസ് തുടങ്ങിയവർ പങ്കെടുത്തു.




















