വൈദ്യുതി ഉത്പാദനത്തില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് 

ഒമ്പത് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. പാലക്കാട് കോട്ടത്തറയില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഗവ. ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ സ്ഥാപിച്ച 450 കെ.ഡബ്ല്യു.പി സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകൃതിദത്തവും പാരമ്പര്യേതരവുമായ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തി തദ്ദേശീയമായി വൈദ്യുതി ഉത്പാദനം നടത്തുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നുണ്ട്. ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനശേഷിയുള്ള ജലം പുനരുപയോഗിച്ച് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കും. കേരളത്തില്‍ 6000 മെഗാവാട്ടില്‍ കൂടുതല്‍ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ സാധ്യമാണ്

വൈദ്യുതി ഇറക്കുമതി ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള 400 കെ.വി ലൈനുകള്‍ പൂര്‍ത്തിയാക്കുകയും ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമണ്‍-കൊച്ചി 400 കെവി ലൈന്‍ യാഥാര്‍ത്ഥ്യമാക്കുകയും  ചെയ്തതിന്റെ ഫലമായി സംസ്ഥാനത്ത് ലോഡ് ഷെഡിങും പവര്‍ കട്ടും പൂര്‍ണ്ണമായും ഒഴിവാക്കാനായി.

കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചു. ഇതില്‍, ഹൈഡല്‍ പ്രോജക്റ്റുകളില്‍ മാത്രം 179.65 മെഗാവാട്ടിന്റെ അധിക ഉത്പാദന ശേഷി കൈവരിച്ചു. സൗരോര്‍ജ്ജ മേഖലയില്‍ 1883 മെഗാവാട്ടിന്റെ ഉത്പാദന ശേഷി നേടിയെടുക്കാന്‍  സാധിച്ചു.101 സബ് സ്റ്റേഷനുകളും ഈ കാലയളവില്‍  പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

പകല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം എന്ന പദ്ധതി നടപ്പാക്കുക വഴി രാത്രിയിലെ ഉയര്‍ന്ന ഉപഭോഗം കാരണം ഉണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകും.500 മെഗാവാട്ട്- അവര്‍ ശേഷിയുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി കാസര്‍കോട് മൈലാട്ടി 220 കെവി സബ്‌സ്റ്റേഷന്‍ പരിസരത്ത് 2026 ല്‍ പൂര്‍ത്തിയാകും. കൂടാതെ, കാസർകോട്, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടുതല്‍  പദ്ധതികള്‍ നടപ്പാക്കി വരുന്നതായും പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ തനത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,41,17,430 രൂപ ചെലവിലാണ് സൗരോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അവഗ്‌നി റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സൗരോര്‍ജ നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഞ്ച് വര്‍ഷത്തേയ്ക്ക് സൗരോര്‍ജ്ജ നിലയത്തിന്റെ പ്രവര്‍ത്തന പരിപാലനവും നടത്തുന്നതും അവഗ്‌നി റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ്.

ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിലയത്തില്‍ സ്ഥാപിച്ചിട്ടുള്ള 500 KVA ട്രാന്‍സ്‌ഫോര്‍മര്‍ വഴി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 11 KV ലൈനുമായി കൂട്ടിയോജിപ്പിച്ച് വിതരണ-പ്രസരണ ശൃംഖലയിലൂടെ വിവിധ ഫീഡറുകളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. പദ്ധതിയിലൂടെ പ്രതിവര്‍ഷം 6,57,000 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേയ്ക്ക് നല്‍കുവാന്‍ സാധിക്കും.

ഈ നിലയത്തിനായി പവര്‍ ഓണ്‍ ട്രാഫോ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച 500 KVA 400 V/11000 V ട്രാന്‍സ്‌ഫോര്‍മര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ പവര്‍ സോളാര്‍ നിര്‍മിത മോണോ പെര്‍ക്ക് PS- 545 മോഡലില്‍പ്പെട്ട 826 സോളാര്‍ പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.  പദ്ധതിയിലൂടെ ഹരിതോര്‍ജ്ജ നയം നടപ്പിലാക്കുവാനും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുവാനും സാധിക്കും.

ജില്ലാ പഞ്ചായത്ത് മൂന്ന് കോടി രൂപ തനത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ മേല്‍ നോട്ടത്തില്‍ ഒന്നാം ഘട്ടമായി 500 KWP സ്ഥാപിത ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ്ജ വൈദ്യുതി നിലയം ഇവിടെ നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു.