ആസ്റ്റര്‍ മിംസ് കാസര്‍കോട്ട് പ്രവര്‍ത്തനം തുടങ്ങി

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആസ്പത്രി കാസര്‍കോട്ട് പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു മുഖ്യാതിഥിയായി.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, ഇ.ചന്ദ്രശേഖരന്‍, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാല്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ തുടങ്ങിയവര്‍ പങ്കെടുത്തു.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണ്‍, ആസ്റ്റര്‍ കേരള ക്ലസ്റ്റര്‍ സി.എം.എസ് ഡോ. കെ.എം.സൂരജ്, ആസ്റ്റര്‍ മിംസ് കാസര്‍കോട് ആൻ്റ് കണ്ണൂര്‍ സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാര്‍ തുടങ്ങിയവർ പങ്കെടുത്തു.

2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍  190 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ആസ്പത്രിയില്‍ 31മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളുള്ളതാണ്. 264 കിടക്കകളുണ്ട്.
ഉന്നത നിലവാരത്തിലുള്ള ചികിത്സ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ എക്കാലത്തും മുന്നോട്ടുവയ്ക്കുന്ന ദര്‍ശനമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

1.5 ടി.എം.ആര്‍.ഐ,160 സ്ലൈസ് സി.ടി സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രം കൂടിയാണിത്. ഹൃദയ, രക്തക്കുഴല്‍ ശസ്ത്രക്രിയകള്‍ക്കും ഗുരുതരമായ ഹൃദയ,ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കുമുള്ള എക്‌മോ, ഇ.സി.എല്‍.എസ് ചികിത്സയ്ക്കും വിപുലമായ സൗകര്യങ്ങളുണ്ട്.

പാമ്പുകടിക്ക് പ്രത്യേക പരിചരണം നല്‍കുന്നത് ഉള്‍പ്പെടെ ഗുരുതരവും അടിയന്തരവുമായ പ്രത്യേക ചികിത്സകളുമുണ്ട്. ട്രോമ, ഹൃദയം, സ്‌ട്രോക്ക്, കുട്ടികളുടെ അടിയന്തര സാഹചര്യങ്ങള്‍ എന്നിവയ്ക്ക് പരിചരണം ഉറപ്പാക്കുന്നു. 24 മണിക്കൂറും ആംബുലന്‍സ് സൗകര്യവും 20 കിടക്കകളുമുള്ള അത്യാഹിത വിഭാഗം അടിയന്തര രോഗനിര്‍ണയവും ആദ്യഘട്ട ചികിത്സയും ഉറപ്പാക്കും.

44 തീവ്രപരിചരണവിഭാഗം കിടക്കകളും നവജാതശിശുക്കള്‍ക്കായുള്ള 16 എന്‍.ഐ.സി.യു കിടക്കകളും ഏഴ് പ്രധാന ഓപ്പറേഷന്‍ തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പിക്കായി ഏഴ് കിടക്കകളും ഡയാലിസിസിന് 15 കിടക്കകളുമുണ്ട്. രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച അന്തരീക്ഷത്തില്‍ ചികിത്സ ലഭ്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.