മെഷീനറി എക്സ്പോ കൊച്ചിയിൽ 20ന് തുടങ്ങും
സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷിനറി എക്സ്പോ ശനിയാഴ്ച്ച ആരംഭിക്കും. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന എക്സ്പോ നടക്കുന്നത്. ശനിയാഴ്ച്ച രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച്ച മുതൽ പൊതുജനങ്ങൾക്ക് എക്സപോയിലേക്ക് പ്രവേശനമുണ്ട്. രാവിലെ10 മുതൽ വൈകുന്നേരം ആറ് മണി വരെയാണ് എക്പോയിലേക്ക് പ്രവേശനം. പ്രവേശനം സൗജന്യമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനറികൾ പ്രദർശിപ്പിക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
230 സ്റ്റാളുകളാണ് പ്രദർശനത്തിലുണ്ടാവുക. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മെഷിനറി നിർമ്മാതാക്കളും എക്സപോയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളിലായി മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ സാങ്കേതിക വിദ്യകൾ,സി.എൻ.സി മെഷീനുകൾ, എസ്.പി.എമ്മുകൾ, നൂതന പ്രോസസ്സിംഗ്- പാക്കേജിംഗ് മെഷീനുകൾ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണ് പ്രദർശനം. യന്ത്രങ്ങളുടെ തത്സമയ പ്രവർത്തനങ്ങളും നേരിൽ കാണാൻ കഴിയും.
സംരംഭകർക്കും സംരംഭം തുടങ്ങാനിരിക്കുന്നവർക്കും സാങ്കേതിക-വാണിജ്യ ഉൾക്കാഴ്ചകളും വിശദാംശങ്ങളും നൽകുന്നതിന് പുറമെ ബ്രാൻഡ് നിർമ്മാണത്തിനും ഉപഭോക്തൃ അടിത്തറ വളർത്തുന്നതിനും എക്സ്പോ അവസരം ഒരുക്കും.
ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ സംഭരണ, വിപണന പിന്തുണ(പി.എം.എസ്) പദ്ധതിയുടെ പിന്തുണയോടു കൂടിയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ പി.എ. നജീബിന് പുറമെ, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ അനീഷ് മാനുവൽ, വിനോദ് ജി. എന്നിവരും പങ്കെടുത്തു.




















