ആദ്യമായി നഗരനയം ആവിഷ്കരിക്കുന്ന സംസ്ഥാനമായി കേരളം – മന്ത്രി

ഇന്ത്യയിൽ ആദ്യമായി നഗരനയം ആവിഷ്കരിക്കുന്ന സംസ്ഥാനമെന്ന സവിശേഷത കേരളത്തിന് ലഭിച്ചിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. എറണാകുളത്ത് കേരള അർബൻ കോൺക്ലേവിന്റെ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അതിവേഗ നഗരവത്കരണം നേരിടുന്ന സംസ്ഥാനമായതിനാൽ സമഗ്രവും ശാസ്ത്രീയവുമായ നഗര വികസന സമീപനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കോൺക്ലേവിന്റെ ഭാഗമായി. കേരളത്തിന്റെ നഗരവികസനത്തിന്  കോൺക്ലേവ് മികച്ച  നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

3115 പ്രതിനിധികൾ പങ്കെടുത്ത കോൺക്ലേവിൽ 12 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും 17 മേയർമാരും എട്ട് മന്ത്രിമാരും പങ്കാളികളായി. 34 സെഷനുകളിൽ 275 വിദഗ്ധർ ആശയങ്ങൾ പങ്കുവച്ചു.300ൽ അധികം നിർദേശങ്ങളാണ് ഉയർന്നുവന്നത്.

കേരളത്തിന്റെ സാഹചര്യങ്ങൾ ഉൾചേർക്കുന്ന വികസന മാതൃകയിൽ നിന്നും വ്യതിചലിക്കാതെ നഗര വികസന നയം തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി കരട് നഗരനയം ഉടൻ മന്ത്രിസഭക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോൾഗാട്ടി പാലസിൽ നടന്ന സമാപന ചടങ്ങിൽ  കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ , കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം. അനിൽകുമാർ എൽ.എസ്. ജി.ഡി സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ , എൽ.എസ്.ജി.ഡി. പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്  വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള, എൽ.എസ്.ജി.ഡി സ്പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുള്ള , കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീൻ,  അർബൻ ഡയറക്ടർ സൂരജ് ഷാജി, റൂറൽ ഡയറക്ടർ അപൂർവ്വ ത്രിപാതി,  അർബൻ പോളിസി കമ്മീഷൻ ചെയർമാൻ എം. സതീഷ് കുമാർ, കെ. എസ്.ഡബ്ല്യൂ.എം.പി. പ്രോജക്ട് ഡയറക്ടർ ദിവ്യ എസ്. അയ്യർ    തുടങ്ങിയവർ പങ്കെടുത്തു.